എസ്.എസ്.എല്‍.സി ഇംഗ്ളീഷ് മോഡല്‍ പരീക്ഷയില്‍ ‘വഴിവിട്ട’ ചോദ്യങ്ങള്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഇംഗ്ളീഷ് മോഡല്‍ പരീക്ഷ വിദ്യാര്‍ഥികളെ വെട്ടിലാക്കി. അധികവായനക്കുള്ള പാഠഭാഗങ്ങളില്‍നിന്ന് വ്യവഹാരരൂപത്തിലുള്ള ചോദ്യങ്ങള്‍ പാടില്ളെന്ന നിര്‍ദേശം ലംഘിച്ച് ചോദ്യങ്ങള്‍ തയാറാക്കിയതാണ് വിദ്യാര്‍ഥികളെ കുഴക്കിയത്.
 ചൊവ്വാഴ്ച നടന്ന ഇംഗ്ളീഷ്പരീക്ഷയിലെ 25ഉം 26ഉം ചോദ്യങ്ങളാണ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി തയാറാക്കിയത്. എസ്.സി.ഇ.ആര്‍.ടി തയാറാക്കി നല്‍കിയ ഇവാല്വേഷന്‍ സോഴ്സ്ബുക്കിലും ക്വസ്റ്റ്യന്‍ പൂളിലും അധികവായനക്കുള്ള പാഠഭാഗങ്ങളില്‍ നിന്ന് വ്യവഹാരരൂപത്തിലുള്ള ചോദ്യങ്ങള്‍ പാടില്ളെന്നും സംഗ്രഹരൂപത്തിലുള്ള ചോദ്യങ്ങളേ ആകാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആന്‍റണ്‍ ചൊക്കോവിന്‍െറ ‘ദ ബെറ്റ്’ എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തിയും അക്കിറ കുറസോവയുടെ ‘സണ്‍ ഷൈന്‍ ത്രൂ ദ റെയ്ന്‍’ എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുമാണ് ചോദ്യങ്ങള്‍ വന്നത്.
ഇതില്‍ സിനിമ കണ്ട് റിവ്യൂ എഴുതാനാണ് ഒരു ചോദ്യം. ഈ സിനിമ വിദ്യാര്‍ഥികളെ കാണിക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നില്ല. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനാണ് അധികവായനക്കുള്ള പാഠഭാഗങ്ങള്‍ ഉപയാഗിക്കുന്നത്. നിലവിലുള്ള പാഠപുസ്തകവുമായി ബന്ധപ്പെട്ട് നിരവധി പ്രാവശ്യം പരീക്ഷകള്‍ നടന്നിട്ടുള്ളതാണ്. ഇവയിലൊന്നും ചോദിച്ചിട്ടില്ലാത്ത ചോദ്യമാണ് ഇപ്പോള്‍ മോഡല്‍ പരീക്ഷക്ക് ഉള്‍പ്പെടുത്തിയത്.  മാത്രമല്ല, മോഡല്‍ പരീക്ഷക്ക് വരുന്ന ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറുകളില്‍ ഒന്നായതുകൊണ്ട് എസ്.എസ്.എല്‍.സി പ്രധാനപരീക്ഷക്കും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പത്താംതരത്തിലെ പുസ്തകം മാറുന്ന വര്‍ഷമായതിനാല്‍ ഈ വര്‍ഷത്തെ ചോദ്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന് കരുതിയിരുന്ന കുട്ടികള്‍ക്കാണ് ‘പരിധിക്കുപുറത്തെ’ ചോദ്യങ്ങള്‍ തിരിച്ചടിയായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.