അമ്പാടിമുക്കിലെ ഫ്ളക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സി.പി.എം

കണ്ണൂര്‍: പി. ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. പിണറായി വിജയനെയും പി. ജയരാജനെയും കൃഷ്ണാര്‍ജുനന്മാരായി ചിത്രീകരിച്ച് ഒരുമാസം മുമ്പ് ഫ്ളക്സ് സ്ഥാപിച്ച അമ്പാടിമുക്കിലെ പ്രവര്‍ത്തകര്‍, കഴിഞ്ഞദിവസമാണ് ‘ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍’ എന്ന തലക്കെട്ടില്‍ പുതിയ ബോര്‍ഡ് വെച്ചത്. തുറന്ന വാഹനത്തില്‍ ‘ആഭ്യന്തര മന്ത്രി’ പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നതാണ് വിവാദ ദൃശ്യം.

അച്ചടി, ദൃശ്യ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമുള്‍പ്പെടെ ഏറെ വിമര്‍ശത്തിനിടയാക്കിയ ഈ ചിത്രീകരണം പാര്‍ട്ടി ശത്രുക്കള്‍ പ്രചാരണായുധമാക്കിയതായി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂട ഭീകരതക്കും നീതിനിഷേധത്തിനുമെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തേണ്ട കാലത്ത് ശത്രുക്കള്‍ക്ക് പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്താന്‍ അവസരമൊരുക്കരുത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അണികളും ബന്ധുക്കളും ജാഗ്രത പാലിക്കേണ്ടതുണ്ട്. അമ്പാടിമുക്കിലെ പ്രവര്‍ത്തര്‍ നടത്തിയ പ്രചാരണം പാര്‍ട്ടി ശത്രുക്കള്‍ക്കാണ് ഉപകരിച്ചത് -പ്രസ്താവന പറഞ്ഞു. അതേസമയം, നവമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് സെക്രട്ടേറിയറ്റ് ഓര്‍മിപ്പിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.