പീപ്ള്‍സ് ഫൗണ്ടേഷന്‍ ‘പീപ്ള്‍സ് ഹോം’ ജനകീയ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കം

കൊച്ചി: ആകാശം മേല്‍ക്കൂരയായ ഭവനരഹിതര്‍ക്ക് പീപ്ള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന ‘പീപ്ള്‍സ് ഹോം’ ജനകീയ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ 1500 ദരിദ്ര കുടുംബങ്ങള്‍ക്ക് 500 ചതുരശ്ര അടിയില്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന പദ്ധതി പട്ടികജാതി-പിന്നാക്ക വിഭാഗ ക്ഷേമ, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാറാണ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്‍െറ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് പീപ്ള്‍സ് ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി അനില്‍ കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യ രംഗത്തടക്കം സര്‍വമേഖലയിലും നമ്മള്‍ മുന്നിലാണെങ്കിലും ഒരുതുണ്ട് ഭൂമിയില്ലാത്തവരുടെ കണക്കെടുത്താല്‍ രണ്ടുലക്ഷത്തില്‍ അധികമാണ്. വീടില്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാറിന് സഹായം കൊടുക്കുന്നതില്‍ പരിമിതികളുണ്ട്. പീപ്ള്‍സ് ഫൗണ്ടഷന്‍ മുന്നോട്ടുവെച്ച പദ്ധതിയടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവര്‍ക്കും വീട് എന്ന യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എട്ട് ലക്ഷത്തോളം വരുന്ന വീടില്ലാത്തവരുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാന്‍ സാധ്യമല്ളെന്ന് എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ദാരിദ്രത്തിനും പട്ടിണിക്കും ജാതിയില്ല, മതമില്ല. എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണേണ്ടത്. വിഭവങ്ങളുടെ ശരിയായ അര്‍ഥത്തിലുള്ള ഉപയോഗവും വിതരണവും നീതിപൂര്‍വമായി നടക്കുകയാണെങ്കില്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പീപ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ഭവന കോളനി നിര്‍മാണ കരാര്‍പത്രം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സിദ്ദീഖ് രണ്ടത്താണിക്ക് കൈമാറി. പദ്ധതിയുടെ ആദ്യസംഭാവന എറണാകുളം സ്വദേശി പി.എച്ച്. അഷ്റഫില്‍നിന്ന് പി. മുജീബ് റഹ്മാന്‍ ഏറ്റുവാങ്ങി.
പദ്ധതിയുടെ ലോഗോ ഹൈബി ഈഡന്‍ എം.എല്‍.എയും ഭവനമാതൃക പ്രകാശനം ആര്‍ക്കിടെക്ട് ശങ്കറും പ്രമോ വിഡിയോ പ്രകാശനം വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തെന്നലാപുരം രാധാകൃഷ്ണനും പ്രോജക്ട് ഡോക്യുമെന്‍ററി പ്രകാശനം ഫാ. റോബി കണ്ണഞ്ചിറയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം സി.എച്ച്. റഹീമും ബ്രോഷര്‍ പ്രകാശനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീനും നിര്‍വഹിച്ചു.
ബ്രോഷര്‍ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി സമാപനപ്രസംഗം നിര്‍വഹിച്ചു. പീപ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി സി.പി. ഹബീബ് റഹ്മാന്‍ നന്ദി രേഖപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.