ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിന്തുണച്ച ആന്‍റണിയുടെ നിലപാട് അപഹാസ്യം -പിണറായി

കോട്ടയം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ കുറിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണിയുടെ നിലപാട് അപഹാസ്യമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണായി വിജയന്‍. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇത്രത്തോളും വികസനം ഉണ്ടായിട്ടുള്ള ഒരു സംസ്ഥാനം ഇല്ലെന്നാണ് ആന്‍റണി പറഞ്ഞത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് കടം കയറി തകര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ആന്‍റണിയുടെ പരാമര്‍ശം പൊതുജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ധാര്‍മികതയുടെ ഒരു അംശം പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ല. അത്തരത്തിലുള്ള പാർട്ടിയുടെ നേതാവിന്‍റെ പക്കല്‍ നിന്നും ഇതിൽ കൂടുതല്‍ പരാമര്‍ശം പ്രതീക്ഷിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആന്‍റണിയുടെ വാദം കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കില്ല. യു.ഡി.എഫ് കക്ഷികള്‍ പോലും ഈ സര്‍ക്കാറിനെ കൈവിട്ടു. എങ്ങനെ എങ്കിലും ഭരണം അവസാനിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസുകാര്‍ പോലും ആഗ്രഹിക്കുന്നത്. സ്വപ്നം കണ്ട് അതുപോലെ പറയാന്‍ ആന്‍റണിക്കുള്ള കഴിവ് കൈമോശം വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

ഒരു കൊള്ള സംഘത്തിന്‍റെ പ്രതീതിയാണ് സംസ്ഥാനത്തെ മന്ത്രിസഭക്കുള്ളത്. അഴിമതി തൊഴിലാക്കിയ ഒരു മാഫിയയാണ് ഇവിടെ ഭരണത്തിലുള്ളത്. തങ്ങള്‍ക്കെതിരെ തിരിയുന്നവരെ ഇല്ലാതാക്കുക, സമ്മര്‍ദത്തിലാക്കുക ഇവയാണ് മാഫിയയുടെ രീതി. അത്തരത്തില്‍ ജുഡീഷ്യറിയെയും പൊലീസിനെയും അന്വേഷണ സംഘങ്ങളെയും സമ്മര്‍ദത്തിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പിണറായി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.