മലയാളി വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദുരവസ്ഥ മാറണം –എം.എ. യൂസഫലി

വിളയാങ്കോട് (കണ്ണൂര്‍): കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിന് മാറിമാറിവന്ന സര്‍ക്കാറുകളാണ് ഉത്തരവാദികളെന്നും ഈ ദുരവസ്ഥ മാറണമെന്നും പ്രമുഖ വ്യവസായി എം.എ. യൂസഫലി. വിളയാങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്‍െറ (വിറാസ്) പ്രധാന കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കുട്ടികള്‍ കേരളത്തിന്‍െറ കാറ്റേറ്റ് വളരണം. അവര്‍ക്ക് ഇവിടെതന്നെ പഠിക്കാന്‍ സൗകര്യമൊരുക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. മലയാളികള്‍ പഠനത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ഗതികേട് ഇനിയെങ്കിലും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൗതിക വിദ്യാഭ്യാസം കൊണ്ട് മാത്രം നല്ല സമൂഹത്തെ സൃഷ്ടിക്കാനാവില്ല. ആത്മീയ വിദ്യാഭ്യാസം കൂടി അനിവാര്യമാണ്. ഇതുണ്ടായാല്‍ മാത്രമേ മാതാപിതാക്കളെയും സമൂഹത്തെയും രാജ്യത്തെയും സ്നേഹിക്കാനാവൂ.

സ്വന്തം മതത്തെ സ്നേഹിക്കുമ്പോള്‍ തന്നെ അന്യമതത്തെ അംഗീകരിക്കാനും കഴിയണം. എല്ലാ മതവിഭാഗങ്ങളിലുംപെട്ടവര്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്നേഹവും പരസ്പര ധാരണയും വെച്ചുപുലര്‍ത്തുന്നത് രാജ്യസമാധാനത്തിന് അനിവാര്യമാണ്. പുതുതലമുറ സംസ്കാരമുള്ളവരായി വളര്‍ന്നാല്‍ മാത്രമേ സമൂഹത്തിനും രാജ്യത്തിനും ഗുണമുണ്ടാവുകയുള്ളൂ-യൂസഫലി പറഞ്ഞു.

ചടങ്ങില്‍ വാദിഹുദ ഗ്രൂപ് ചെയര്‍മാനും ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, എം.പിമാരായ പി. കരുണാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, ടി.വി. രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി.എ. ജുനൈദ് സ്വാഗതവും എം. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.