പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ഏറെ വിവാദമായ ഭൂ പതിവ് നിയമ ഭേദഗതി ബില്‍ അടക്കം നിയമസഭ പാസാക്കിയ അഞ്ച്​ ബില്ലുകള്‍ക്ക് ഒടുവിൽ ഗവർണറുടെ അംഗീകാരം. ഏറെ നാളായി തടഞ്ഞുവെച്ചിരുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, സഹകരണ സംഘം നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നിവയിലാണ് ശനിയാഴ്ച ഗവര്‍ണര്‍ ഒപ്പിട്ടത്. ഇതോടെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലിനും ഗവര്‍ണറുടെ അംഗീകാരമായി.

പതിച്ചുകൊടുത്ത ഭൂമി ആവശ്യത്തിനല്ലാതെ വിനിയോഗിക്കാന്‍ പട്ടയം ലഭിച്ചയാളിന് അനുവാദം നല്‍കുന്ന വ്യവസ്ഥയാണ് ഭൂപതിവ്​ നിയമഭേദഗതിയിലുള്ളത്. ഇടുക്കിയിലെ കര്‍ഷകര്‍ക്ക് അടക്കം ഇത് ഏറെ പ്രയോജനം ചെയ്യും. 1960 ലെ ഭൂപതിവ്​ ചട്ടം അനുസരിച്ച് കൃഷിക്കും താമസത്തിനുമായാണ് ഭൂമി പതിച്ചു നല്‍കിയത്. എന്നാല്‍, ഇതു മറ്റു ജീവിതാവശ്യത്തിനു കൂടി വിനിയോഗിച്ചവര്‍ക്ക് ഭൂമി ക്രമപ്പെടുത്താന്‍ അനുമതി നല്‍കിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിച്ച ഭൂമിയും ക്രമപ്പെടുത്താനാകും. ബില്ലുകൾ പരിഗണിക്കുന്നില്ലെന്നു കാണിച്ച്​ ഗവര്‍ണര്‍ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിച്ച സി.പി.എം ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശന വേളയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.

കൈയേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്‍ പാസാക്കിയതെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിരവധി പരാതികളാണ് ലഭിച്ചത്. തുടർന്ന് ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബില്‍ ഇടുക്കി ജില്ലയെ മാത്രം ലക്ഷ്യമാക്കി പാസാക്കിയതല്ലെന്നും കേരളത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന്​ ആണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

ഭൂമി തരംമാറ്റത്തിനുള്ള അധികാരം 27 ആർ.ഡി.ഒമാര്‍ക്കു പുറമേ, 78 താലൂക്കുകളിലെയും ഓരോ ഡെപ്യൂട്ടി കലക്ടര്‍ക്കു കൂടി നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുന്നതാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി.

സിനിമകളിലും പരസ്യങ്ങളിലും മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയില്ലെങ്കില്‍ ആറു മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. തടവ് ശിക്ഷ ഒഴിവാക്കി 50,000 രൂപവരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുന്നതാണ് അബ്കാരി ചട്ട നിയമ ഭേദഗതി ബില്‍. അനധികൃതമായി കള്ളു ചെത്തിയാല്‍ 10,000 രൂപയാണ് പിഴ.

ക്ഷീരകര്‍ഷകര്‍ നല്‍കുന്ന പ്രതിമാസ അംശാദായം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കാത്ത സംഘം സെക്രട്ടറിമാര്‍ക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥയാണ് ക്ഷീരകര്‍ഷക ക്ഷേമനിധി ഭേദഗതി ബില്ലിലുള്ളത്. വര്‍ഷം 500 ലിറ്റര്‍ പാല്‍ കൊടുക്കുന്ന കര്‍ഷകര്‍ക്കു മാത്രം ക്ഷേമനിധി അംഗത്വമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരിക്കലെങ്കിലും പാല്‍ നല്‍കുന്നവര്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ഭരണസമിതിയില്‍ 12 അംഗങ്ങള്‍ എന്നത് 16 ആക്കി.

വായ്പാ സഹകരണ സംഘങ്ങളുടെ ഭാരവാഹികള്‍ തുടര്‍ച്ചയായി മൂന്നു തവണയില്‍ അധികം ഭരണസമിതി അംഗങ്ങളായി തുടരാന്‍ പാടില്ല എന്ന വ്യവസ്ഥ അടങ്ങുന്നതാണ് സഹകരണ നിയമ ഭേദഗതി ബില്‍.

Tags:    
News Summary - Governor Arif Muhammad Khan signed all the five bills that were under consideration of the Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.