അനധികൃത സ്വത്ത്: സിഡ്കോ മുന്‍ എം.ഡിയുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ സിഡ്കോ എം.ഡി സജി ബഷീറിന്‍െറ വീടുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പേരൂര്‍ക്കട മണ്ണാമ്മൂല, കൊല്ലം കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ വീടുകളിലും വട്ടിയൂര്‍ക്കാവിലെ ഫ്ളാറ്റിലും കല്ലാട്ടുമുക്കിലെ ഭാര്യവീട്ടിലുമാണ് ഒരേസമയം പരിശോധന നടന്നത്. തിരുവനന്തപുരം സ്പെഷല്‍ സെല്‍ എസ്.പി രാജേന്ദ്രന്‍െറ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 7.30ന് ആരംഭിച്ച പരിശോധന വൈകീട്ടുവരെ നീണ്ടു. നാലുലക്ഷം രൂപയും നിരവധി നികുതി രേഖകളും 46 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. സ്വര്‍ണത്തിന്‍െറയും പണത്തിന്‍െറയും ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നികുതി രേഖകള്‍ പരിശോധനക്ക് കണ്ടെടുത്തിട്ടുണ്ട്.

ടെലികോംസിറ്റി അഴിമതിക്കേസിന്‍െറ സൂത്രധാരന്‍ സജിയാണെന്നും പിന്നില്‍ മുസ്ലിംലീഗ് ഉന്നതരാണെന്നും വിജിലന്‍സിന് നേരത്തേ പരാതി ലഭിച്ചിരുന്നു. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ മുന്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി ഷെരീഫുദ്ദീന്‍ സജിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ നല്‍കി. അന്വേഷണത്തിന്‍െറ സുഗമമായ നടത്തിപ്പിന് ഇദ്ദേഹത്തെ സിഡ്കോയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കുകയും ചെയ്തു. ടെലികോംസിറ്റി സ്ഥാപിക്കാന്‍ മണല്‍ മാറ്റിയതുമായി ബന്ധപ്പെട്ട് അഞ്ചരക്കോടിയുടെ ക്രമക്കേട് കണ്ടത്തെിയ സാഹചര്യത്തില്‍ സജിയെ അടിയന്തരമായി നീക്കണമെന്നായിരുന്നു ശിപാര്‍ശ.

പക്ഷേ, ആഭ്യന്തരവകുപ്പിലത്തെിയ ഫയല്‍ അപ്രത്യക്ഷമായി. ഇതിനുപിന്നില്‍ ലീഗാണെന്ന് ആക്ഷേപമുയര്‍ന്നതോടെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സജിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. പക്ഷേ, ഒന്നും നടപ്പായില്ല. വിവാദം കടുത്തപ്പോള്‍ സജിയെ കെ.എസ്.ഐ.ഡി.സിയിലേക്ക് മാറ്റി തടിയൂരി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ സജിക്കെതിരെ പുതിയ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച റെയ്ഡ് നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.