ട്രെയിന്‍ വൈകല്‍ തുടരുന്നു

തിരുവനന്തപുരം: കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ് പാളംതെറ്റിയതിനെതുടര്‍ന്നുള്ള ഗതാഗതനിയന്ത്രണങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തമാകാതെ റെയില്‍വേ. വൈകല്‍തന്നെയാണ് ചൊവ്വാഴ്ചയും യാത്രക്കാരെ വെട്ടിലാക്കിയത്. ഈറോഡ് വഴി തിരിച്ചുവിട്ട ദീര്‍ഘദൂര ട്രെയിനുകള്‍ തൃശൂര്‍-എറണാകുളം വഴി പഴയതുപോലെ ക്രമീകരിച്ചെങ്കിലും കാലതാമസം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ 10.45ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട 12617 എറണാകുളം-ഹസ്രത്ത് നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് ഉച്ചക്ക് 1.30നാണ് യാത്ര തുടങ്ങിയത്.

തിങ്കളാഴ്ച രാത്രി 8.40ന് യാത്ര ആരംഭിക്കേണ്ട തിരുവനന്തപുരം-മംഗലാപുരം (16347) എക്സ്പ്രസ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനും. ഈ ട്രെയിന്‍ തമ്പാനൂരില്‍ തിരിച്ചത്തെുംവരെ വൈകിയാവും സര്‍വിസ് നടത്തുക. തിരുവനന്തപുരം ഡിവിഷന് കീഴിലെ 21 സ്ഥലങ്ങളില്‍ വേഗനിയന്ത്രണംകൂടി ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത. അരമണിക്കൂര്‍ വൈകുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ഇത് മൂന്നുമണിക്കൂര്‍ വരെ നീളാം.

എറണാകുളത്തുനിന്ന് തിങ്കളാഴ്ച വൈകീട്ട് 5.10ന് യാത്രതിരിക്കേണ്ട എറണാകുളം-പട്ന (22643) എക്സ്പ്രസ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് പുറപ്പെട്ടത്. കൊച്ചുവേളിയില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട കൊച്ചുവേളി-യശ്വന്ത്പുര്‍ എക്സ്പ്രസ് പുറപ്പെട്ടത് രാത്രി 7.30നും.
കന്യാകുമാരിയില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.20ന് തുടങ്ങേണ്ട കന്യകുമാരി-ചെന്നൈ എക്സ്പ്രസ് (12634) രാത്രി 9.30നാണ് യാത്ര ആരംഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.