നിലവിളക്ക് വിവാദം: സി.പി.എം നിലപാട് സാംസ്കാരിക ഫാസിസമെന്ന് കുമ്മനം

കൊച്ചി: സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥനയും നിലവിളക്ക് കൊളുത്തലും ഒഴിവാക്കണമെന്ന മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജി. സുധാകരന്‍റെ പ്രസ്താവന സി.പി.എമ്മിന്‍റെ സാംസ്കാരിക ഫാസിസമാണെന്ന് കുമ്മനം പറഞ്ഞു.

നാടിന്‍റെ സാംസ്കാരിക പൈതൃകത്തെ നിന്ദിക്കുന്ന തരത്തിലാണ് സി.പി.എം നേതാക്കള്‍ സംസാരിക്കുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായി സി.പി.എം നേതാക്കള്‍ വിവാദം ഉണ്ടാക്കുകയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. 

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പൊതുയോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്. ഭരണഘടനക്ക് മതവും ജാതിയുമില്ല. നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുളളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്‍റെതാണെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

സർക്കാർ പരിപാടിയില്‍ ഒരു മതത്തിന്‍റെയും പാട്ട് വേണ്ട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. എല്ലാ സ്‌കൂളുകളിലും കോളജുകളിലും മോണിങ് അസംബ്ലിയില്‍ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്ന്. നമ്മുടെ ദൈവത്തിന്‍റെയും ദേവിമാരുടെയും ഒന്നും സ്‌ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ലെന്നുമാണ് മന്ത്രി സുധാകരൻ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.