സ്വാശ്രയ മെഡിക്കല്‍ പ്രവേശം സര്‍ക്കാറിന് സീറ്റ് വിട്ടുകൊടുക്കുന്നതില്‍ മാനേജ്മെന്‍റുകള്‍ക്ക് മനംമാറ്റം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതോടെ പകുതി സീറ്റുകള്‍ വിട്ടുകൊടുക്കാമെന്ന ആദ്യനിലപാടില്‍ മാനേജ്മെന്‍റുകള്‍ക്ക് മനംമാറ്റം. നേരത്തേ 50 ശതമാനം സീറ്റ് വിട്ടുകൊടുക്കാന്‍ സന്നദ്ധരായിരുന്ന മാനേജ്മെന്‍റുകള്‍ സ്വന്തം നിലക്ക് മുഴുവന്‍ സീറ്റിലേക്കും പ്രവേശം നടത്താമെന്ന നിലപാടിലാണിപ്പോള്‍. കഴിഞ്ഞ ദിവസത്തെ സ്റ്റേ ഉത്തരവില്‍ മുഴുവന്‍ സീറ്റിലെയും പ്രവേശാധികാരം മാനേജ്മെന്‍റുകള്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന വാദം ഇവര്‍ ഉയര്‍ത്തുന്നു. എന്നാല്‍, വിധിപ്പകര്‍പ്പിന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്നും നിയമോപദേശം തേടിയശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. തിങ്കളാഴ്ച മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  
തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഞായറാഴ്ച വൈകീട്ട് നാലിന് കൊച്ചിയില്‍ യോഗം ചേരും. ഏറ്റുമുട്ടലിനില്ളെന്നും സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറായാല്‍ മാനേജ്മെന്‍റുകള്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു.  50 ശതമാനം സീറ്റ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റുകള്‍ക്കിടയില്‍ വ്യത്യസ്ത നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളുടെ പ്രോസ്പെക്ടസ് പരിശോധിച്ച് അംഗീകാരം നല്‍കുന്ന നടപടി ജസ്റ്റിസ് ജയിംസ് കമ്മിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രം പ്രോസ്പെക്ടസ് സമര്‍പ്പിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോളജ് അധികൃതര്‍ക്ക് നല്‍കിയത്. നേരത്തേ, എട്ട് കോളജിന്‍െറ പ്രോസ്പെക്ടസ് കമ്മിറ്റി തള്ളിയിരുന്നു. കോടതിവിധി, സര്‍ക്കാര്‍ തീരുമാനം എന്നിവകൂടി പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് ജസ്റ്റിസ് ജയിംസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.