യാചകയല്ല; തെരുവില്‍ കഴിഞ്ഞത് ലക്ഷപ്രഭ്വി

വാടാനപ്പള്ളി: മനോനില തെറ്റി തെരുവില്‍ കഴിഞ്ഞ ദീദിയുടെ കൈയിലെ പണം എണ്ണി തിട്ടപ്പെടുത്താന്‍ എടുത്തത് രണ്ടുമണിക്കൂര്‍. കൈവശമുണ്ടായിരുന്നത് 1.11 ലക്ഷം. കൃത്യം പറഞ്ഞാല്‍ 1,11,698 രൂപ. 25, 50, ഒന്ന്, രണ്ട്, അഞ്ച് രൂപ നാണയങ്ങളും അഞ്ച്, 10, 20, 50, 100 രൂപ നോട്ടും വിദേശ കറന്‍സിയും അതിലുണ്ടായിരുന്നു. വാടാനപ്പള്ളി സെന്‍ററില്‍ വര്‍ഷങ്ങളായി മനോനില തെറ്റി കഴിഞ്ഞ ഇതരസംസ്ഥാനക്കാരിയാണ് ദീദി.

സെന്‍ററിലെ റോഡരികില്‍ ഭക്ഷണം പാചകം ചെയ്താണ് കഴിക്കുക. ആളുകള്‍ നല്‍കുന്ന നാണയം മുതല്‍ നോട്ടുവരെ  ചാക്കില്‍ സൂക്ഷിക്കും. പ്രമീള എന്ന യുവതിയും അലഞ്ഞുനടക്കുന്നുണ്ടായിരുന്നു. ഇവരുടെ അവസ്ഥ കണ്ട് ചികിത്സ നല്‍കാനായി പൊലീസ് കോടതിയെ സമീപിച്ചു. തുടര്‍ന്ന്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ.കെ. സുധീഷും ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. അതിന് മുന്നോടിയായി പൊലീസ് സഹായത്തോടെ  ചാക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. ചാക്കുകള്‍ നിറയെ പണം. മോഷ്ടാക്കളുടെ കണ്ണില്‍പ്പെടാതെയാണ് ഇവ സൂക്ഷിച്ചത്.

പഞ്ചായത്ത് പ്രസിഡന്‍റ് വി.ആര്‍. ഷിജിത്ത്, വൈസ് പ്രസിഡന്‍റ് ഷക്കീല ഉസ്മാന്‍, അംഗങ്ങളായ എ.എ. അബു, സുധീഷ്, സബിത്ത്, എന്നിവരുടെ നേതൃത്വത്തില്‍ 16 പേര്‍ പണം പഞ്ചായത്ത് ഓഫിസില്‍ എത്തിച്ച് വൈകീട്ട് അഞ്ചോടെ എണ്ണല്‍ ആരംഭിച്ചു. രാത്രി ഏഴോടെയാണ് പൂര്‍ത്തിയായത്. വോട്ട് എണ്ണുംപോലെ തരംതിരിച്ചായിരുന്നു എണ്ണല്‍. ദീദിയെയും പ്രമീളയെയും കോടതിയിലും പിന്നീട് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. ഇവര്‍ തിരിച്ചുവരും വരെ പണം പഞ്ചായത്ത് പ്രസിഡന്‍റ്, വാടാനപ്പള്ളി എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ ബാങ്കില്‍ നിക്ഷേപിക്കും.

ദീദിയുടെ കൈവശം ഉണ്ടായിരുന്ന പണം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നു
 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.