മഡ്ക കളിച്ചാല്‍ ഇനി കടുത്തശിക്ഷ

കാസര്‍കോട്: കളിക്കുന്നവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും ഒന്നുമറിയാത്ത മഡ്ക കളിച്ചാല്‍ ഇനി കടുത്തശിക്ഷ. ചൂതാട്ടത്തിന്‍െറ ഗണത്തില്‍പെടുന്ന ഈ കളിയിലേര്‍പ്പെട്ടാല്‍ ജാമ്യം ലഭിക്കില്ല. കേരളാ ലോട്ടറി നിയമപ്രകാരമാകും രണ്ടു വര്‍ഷം തടവ് ലഭിക്കുക. ഈ മാസം മുതല്‍ ശിക്ഷാനടപടികള്‍ പ്രാബല്യത്തില്‍ വന്നു.

മഡ്ക കളിയില്‍ ഏര്‍പ്പെടുന്നവര്‍ പ്രതികളാകുന്ന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ വിഷയം കോടതിക്കുമുമ്പാകെ അവതരിപ്പിക്കുന്നതില്‍ പൊലീസ്  പരാജയപ്പെടുന്നതാണ് പുതിയ നടപടിക്ക് കാരണം. കാലാകാലങ്ങളില്‍ മഡ്ക കേസിലെ പ്രതികള്‍ അറസ്റ്റിലാകുമെന്നല്ലാതെ ശിക്ഷിക്കപ്പെടാറില്ല. പൊലീസിന്‍െറ ഈ ദുര്‍വിധിക്ക് പരിഹാരംകാണാനാണ് കേരളാ ഗെയിമിങ് ആക്ടില്‍നിന്ന് കേരളാ ലോട്ടറി ആക്ടിലേക്ക് മഡ്ക എന്ന കുറ്റകൃത്യത്തെ മാറ്റിയത്.  കേരളാ ഗെയിമിങ് ആക്ട് വകുപ്പ് 15 പ്രകാരം പണം അമിതലാഭത്തിന് പന്തയംവെക്കുന്ന ചൂതാട്ടമായാണ് മഡ്കയെ കണക്കാക്കിയത്. ആള്‍ജാമ്യത്തില്‍ സ്റ്റേഷനില്‍നിന്ന് വിട്ടയക്കുന്ന കേസ് ഇപ്പോള്‍ ജാമ്യമില്ലാകുറ്റമാണ്.

കേരളാ ലോട്ടറി ആക്ട് വകുപ്പ് 71 അനുസരിച്ച് വ്യാജടിക്കറ്റ് അച്ചടിച്ച് സര്‍ക്കാറിനെ വഞ്ചിക്കുന്ന സമാന്തര ലോട്ടറിയാണ് മഡ്ക. എന്നാല്‍, മഡ്കയില്‍ ടിക്കറ്റില്ല. രണ്ടു കുടങ്ങളില്‍ നമ്പറുകള്‍ എഴുതിയ ചെറു ബോളുകള്‍ നിക്ഷേപിക്കുന്നു. കുടങ്ങളില്‍നിന്നുമെടുക്കുന്ന രണ്ടു പന്തുകളിലെ നമ്പറുകള്‍ ചേര്‍ത്തുവെച്ച് രണ്ടക്ക നമ്പറുകള്‍ ഉണ്ടാകുന്നു. ഈ രണ്ടക്ക നമ്പറുകള്‍ ചേര്‍ത്ത് ഒറ്റനമ്പറാക്കുന്നു. വീണ്ടും ഒരു തവണകൂടി ഈ കളി ആവര്‍ത്തിക്കുന്നു. അങ്ങനെ രണ്ടു തവണകളിലായി നടക്കുന്ന കളികളിലെ നമ്പറുകള്‍ ആരൊക്കെ, ജില്ലയുടെ ഏതൊക്കെ ഭാഗങ്ങളില്‍നിന്ന് എഴുതി അയച്ചിട്ടുണ്ടോ അവര്‍ക്ക് 10 രൂപക്ക് 700രൂപ നിരക്കില്‍ പണം ലഭിക്കും.

ലോട്ടറി ആക്ടില്‍ ഈ രീതിയില്‍ കോടതിയില്‍ അവതരിപ്പിച്ചാലും കേസ് ഇല്ലാതാകും. പകരം, ഇതേ ആക്ടില്‍ വകുപ്പ് 73 പ്രകാരം പന്തയം എന്ന ഗണത്തില്‍ കേസെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പൊലീസുകാര്‍ക്ക് പ്രതിമാസം ലക്ഷം രൂപവരെ ഈ കളിയില്‍ മാസപ്പടിക്ക് നീക്കിവെക്കുന്നുവെന്നാണ് ആക്ഷേപം. ഇത് തീര്‍ത്തും അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേസിന്‍െറ വകുപ്പുമാറ്റം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.