മാനന്തവാടി: വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുനെല്ലിയിലെ നെല്‍വയലുകളില്‍ ഈണമിട്ടിരുന്ന കമ്പളത്തുടിയുടെ തിരിച്ചുവരവ് ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചയായി. ഹൃദ്യമായ പഴയ ശീലങ്ങള്‍ക്ക് സാക്ഷികളായ പുതുതലമുറക്ക് ഈ കാഴ്ച നവ്യാനുഭവം പകര്‍ന്നു. തൃശ്ശിലേരിയിലാണ് തനതുരൂപത്തില്‍ പുന$രാവിഷ്കരിച്ചത്.
ബ്രഹ്മഗിരി സൊസൈറ്റിയുടെ കീഴിലുള്ള സൗഹൃദ സ്വാശ്രയ സംഘമാണ് തൃശ്ശിലേരി കുളിര്‍മാവ് വയലില്‍ കമ്പള നാട്ടിയുടെ അകമ്പടിയോടെ കൃഷി ആരംഭിച്ചത്. ആദിവാസികളുടെ കലാരൂപമായ കമ്പളത്തെ നെല്‍കൃഷിയുമായി ബന്ധപ്പെടുത്തുന്ന കമ്പളനാട്ടി ഒരു കാലത്ത് വയനാടന്‍ വയലേലകളിലെ നിത്യക്കാഴ്ചയായിരുന്നു. നെല്‍വയലുകള്‍ വാഴപോലുള്ള ലാഭകേന്ദ്രീകൃത കൃഷികള്‍ക്ക് വഴിമാറിയതോടെയാണ് ഇത് നിലച്ചത്.
പാട്ടത്തിനെടുത്ത ആറേക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. സംഘത്തിലെ കര്‍ഷകര്‍ സംഭരിച്ച്വെച്ച പാരമ്പര്യ നെല്‍വിത്തുകളായ ഗന്ധകശാല, തൊണ്ടി, പാല്‍തൊണ്ടി, വലിയ ചെന്നെല്ല് എന്നിവ ഉപയോഗിച്ചാണ് കൃഷി. ബാങ്കില്‍നിന്ന് ഒരു ലക്ഷം രൂപ പലിശരഹിത വായ്പയെടുത്ത് അഞ്ചുവര്‍ഷം മുമ്പ് രൂപവത്കരിച്ച സംഘം ആദ്യമായാണ് നെല്‍കൃഷിയിലേക്ക് ഇറങ്ങിയത്. 40 ആദിവാസി സ്ത്രീകളാണ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വയലില്‍ നിരന്നു നില്‍ക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് പിന്നിലായാണ് കമ്പളക്കാര്‍ അണിനിരക്കുക.
ചീനവാദ്യത്തില്‍ നിന്നുയരുന്ന ഈണത്തിനൊപ്പം തുടിയുടെ താളവുമുയരുമ്പോള്‍ സ്തീകള്‍ എല്ലാം മറന്ന് നൃത്തമാടുകയും ഞാറ് നടുകയും ചെയ്യും. കമ്പളനാട്ടിയുടെ പ്രത്യേകത നാട്ടി ആരംഭിച്ച് കഴിഞ്ഞാല്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വയലില്‍ ഒറ്റദിവസം കൊണ്ട് മുഴുവന്‍ ഞാറുകളും നട്ട് തീര്‍ക്കും എന്നുള്ളതാണ്. വിദ്യാര്‍ഥികളും കര്‍ഷകരും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരാണ് കമ്പളനാട്ടി ആസ്വദിക്കാന്‍ കുളിര്‍മാവ് വയലിലത്തെിയത്.
നാടിന്‍െറ പാരമ്പര്യവും തനിമയും തുടിച്ചുനില്‍ക്കുന്ന ഈ കലാരൂപം തിരിച്ചുപിടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. സംഘം ഭാരവാഹികളായ ജോണ്‍സണ്‍ മാസ്റ്റര്‍, വി.കെ. ശ്രീധരന്‍, ടി. അനില്‍കുമാര്‍, സി.ഡി. ജോസ്, ബോളന്‍, സുനില്‍കുമാര്‍, രാജേഷ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.