അറ്റകുറ്റപ്പണിക്കിടെ ഇരുമ്പുകട്ട വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷനു സമീപം അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിനോടു ചേര്‍ന്നുള്ള ഇരുമ്പുകട്ട (കൗണ്ടര്‍ വെയ്റ്റ്) വീണ് ജീവനക്കാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. റെയില്‍വേ സീനിയര്‍ ടെക്നീഷ്യന്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനു സമീപം പന്തലായനി ചെല്ലട്ടംവീട്ടില്‍ പി. കൃഷ്ണനാണ് (56) മരിച്ചത്. സഹായി ഉള്ള്യേരി തിയ്യകണ്ടി വീട്ടില്‍ വിനീഷിനാണ് (32) പരിക്കേറ്റത്. വെസ്റ്റ്ഹില്‍ -എലത്തൂര്‍ സെക്ഷനില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതി ലൈനിനെ ബന്ധിപ്പിക്കുന്ന കുറുകെയുള്ള ലൈന്‍ പൊട്ടിവീഴുകയായിരുന്നു. ലൈന്‍ പൊട്ടിയതോടെ ബാലന്‍സ് ചെയ്യാനായി സ്ഥാപിച്ച ഭാരമേറിയ ഇരുമ്പുകട്ട കൃഷ്ണന്‍െറ മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കോണിയുടെ മുകളിലായിരുന്ന വിനീഷും താഴേക്ക് വീണു. സംഭവം നടന്നയുടനെ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ കൃഷ്ണനെ രക്ഷിക്കാനായില്ല.

ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍-മംഗളൂരു പാതയില്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. ഉച്ചക്കുശേഷമാണ് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായത്. കൃഷ്ണന്‍ ഷൊര്‍ണൂരില്‍നിന്ന് രണ്ടു മാസം മുമ്പാണ് കൊയിലാണ്ടിയിലെ വാടകവീട്ടിലത്തെിയത്. ഭാര്യ: മീനാകുമാരി (കല്‍പറ്റ). മകള്‍: അവന്തിക (അഞ്ചാം ക്ളാസ് വിദ്യാര്‍ഥി, സായി ബാബ സ്കൂള്‍, നന്തിബസാര്‍).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.