???????? ????????????? ?????? ???????????? ????? ???????????? ??????? ?????? ??????? ?????????????

ചുണ്ടില്‍ ചിരിയുമായി ഉമ്മന്‍ചാണ്ടിയും ‘അപരനും’

കോട്ടയം: ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി നില്‍ക്കുന്ന സ്വന്തം ‘രൂപം’ കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചുണ്ടിലും തെളിഞ്ഞൊരു ചെറുചിരി. പ്രതിമക്കൊപ്പം നിന്നപ്പോള്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിക്ക് എന്തോ കുറവെന്ന് കാഴ്ചക്കാര്‍. ആ കുറവ് ത്രിവര്‍ണഷാളിലൂടെ പരിഹരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ഹാപ്പി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മെഴുകുപ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിലായിരുന്നു രംഗങ്ങള്‍.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പാണ് പ്രതിമ അനാവരണം ചെയ്തത്. പ്രതിമയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടിയപ്പോള്‍ ആദ്യം ചിരിയില്‍ ഒതുക്കിയ അദ്ദേഹം നിര്‍ബന്ധം വര്‍ധിച്ചതോടെ‘ മികച്ച സംരംഭമാണെന്നും എല്ലാ ആശംസയും നേരുന്നതായും പറഞ്ഞൊഴിഞ്ഞു. കോട്ടയം പാക്കില്‍ സ്വദേശി ബേബി അലക്സാണ് മെഴുകുപ്രതിമക്ക് രൂപം നല്‍കിയത്. ചടങ്ങിനുശേഷം പ്രതിമ കന്യാകുമാരി ബേവാച്ച് മെഴുക് മ്യൂസിയത്തില്‍ സ്ഥാപിക്കാനായി മാറ്റി. അലസമായിട്ട തലമുടിയും പോക്കറ്റില്‍ പേനയും വ്യത്യാസമുള്ള ചെരിപ്പുകളും അതേപടി പ്രതിമയില്‍ ഒരുക്കിയിട്ടുണ്ട്. കഴുത്തില്‍ ത്രിവര്‍ണ ഷാളുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ അതേ ഉയരവുമാണ് പ്രതിമക്ക്.

നിരവധി മെഴുകുപ്രതിമകള്‍ തീര്‍ത്ത ബേബി അലക്സ് പാക്കില്‍ വീട്ടിലാണ് ‘മുന്‍ മുഖ്യമന്ത്രിക്ക്’ രൂപം നല്‍കിയത്. 10 വര്‍ഷം മുമ്പ് മദര്‍ തെരേസയെ നിര്‍മിച്ചായിരുന്നു തുടക്കം. ഇരുപതാമത്തേതാണ് ഉമ്മന്‍ ചാണ്ടി. മഹാത്മാഗാന്ധി, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, മൈക്കിള്‍ ജാക്സണ്‍, രബീന്ദ്രനാഥ ടാഗോര്‍, അമിതാഭ് ബച്ചന്‍, ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, ഡോ. മന്‍മോഹന്‍ സിങ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ളിന്‍, ഒബാമ തുടങ്ങിയ പ്രമുഖരെയാണ് അദ്ദേഹം നേരത്തേ മെഴുകില്‍ തീര്‍ത്തത്.

വീടിന്‍െറ ടെറസില്‍ തയാറാക്കിയ പണിപ്പുരയിലാണ് പ്രതിമകളെല്ലാം പിറവിയെടുത്തത്. ഒരു മാസം മനസ്സും ശരീരവും ആത്മാവും സമര്‍പ്പിച്ച് തേനീച്ച മെഴുക് പ്രത്യേക അനുപാതത്തില്‍ ഉരുക്കിയെടുത്ത് കളിമണ്ണ് കൊണ്ടുണ്ടാക്കിയ അച്ചിലേക്ക് പകരുന്നു. തണുത്തുറഞ്ഞ് പുറന്തോട് പൊട്ടിച്ച് ശില്‍പം കാണുന്നതുവരെ ശില്‍പിക്കുപോലും രൂപം അജ്ഞാതമാണ്. രൂപത്തിനു തലമുടിയും കണ്ണും പുരികവും പിടിപ്പിച്ച് മിനുക്കുപണി നടത്തി വസ്ത്രങ്ങളും ധരിപ്പിക്കുന്നതോടെ മെഴുകുപ്രതിമ തയാറാകുന്നു. ഉമ്മന്‍ ചാണ്ടിയുടേതിന് സമാനമായ വെളുത്ത് നരച്ച മുടിക്കായി ഏറെ അന്വേഷണം നടത്തിയതായി ശില്‍പി പറയുന്നു. തുടര്‍ന്ന് വേളാങ്കണ്ണിയില്‍നിന്നാണ് അതുപോലത്തെ നാരുകള്‍ ലഭിച്ചത്.

നയന്‍താര, സോണിയ ഗാന്ധി, ശ്രേയാ ഘോഷാല്‍ എന്നിവരുടെ പ്രതിമകളാണ് ഇനി നിര്‍മിക്കുന്നത്. ഭാര്യ പുഷ്പ പിന്തുണയും സഹായവുമായി ഒപ്പമുണ്ട്. ശാസ്ത്രജ്ഞന്‍ ഇ.സി.ജി. സുദര്‍ശന്‍െറ ബന്ധുവാണ് ബേബി. നേരത്തേ എന്‍.ബി.എസിലെ ആര്‍ട്ടിസ്റ്റായിരുന്ന ബേബി.
ബേവാച്ച് എം.ഡി. നാരായണന്‍ നമ്പൂതിരിപ്പാട്, വേണുഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.