ഓണത്തിന് വ്യാജമദ്യം തടയാന്‍ നടപടി; എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനം ശക്തമാക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് വ്യാജമദ്യം ഒഴുകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാരുടെ ഓഫിസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

വ്യാജമദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ അപ്പോള്‍ തന്നെ സ്പെഷല്‍ സ്ക്വാഡിന് കൈമാറുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഇതിനുപുറമെ, തീരദേശങ്ങളില്‍ സീ പട്രോളിങ്ങും ഹൈവേകളില്‍ വാഹനപരിശോധനയും കര്‍ശനമാക്കും. ആദിവാസി മേഖലകളിലും മലയോരങ്ങളിലും പ്രത്യേക നിരീക്ഷണസംവിധാനമൊരുക്കും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എക്സൈസ് കമീഷണര്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു.

സംസ്ഥാനത്ത് മദ്യലഭ്യത കുറവായ സാഹചര്യത്തില്‍ വ്യാജവാറ്റ് വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്ന് സ്പിരിറ്റ് ഒഴുകാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യദുരന്തം പോലുള്ള വിപത്തുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് ശക്തമാക്കണമെന്നും ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഡെപ്യൂട്ടി കമീഷണര്‍മാരുടെ പരിശോധനക്ക് പുറമെ ചിലയിടങ്ങളില്‍ ഋഷിരാജ് സിങ് നേരിട്ട് പരിശോധന നടത്താനിറങ്ങുമെന്നും സൂചനയുണ്ട്. ക്ളബുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകളിലും പരിശോധനയുണ്ടാകും. ചില പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര നൗകകളിലും ലഹരിനുരയാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കമീഷണറുടെ നേരിട്ടുള്ള പരിശോധന. അനധികൃത മദ്യകച്ചവടം നടക്കുന്നുണ്ടോയെന്നറിയാന്‍ ചില ക്ളബുകളിലും സിങ് പരിശോധന നടത്തുമെന്നറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.