കൊല്ലം: സംഭവബഹുലമായ പതിനൊന്നര മാസത്തെ കലക്ടര്‍ ജോലിക്ക് ശേഷം മലപ്പുറത്തേക്ക് കൂടുമാറുന്ന കൊല്ലം ജില്ലാ കലക്ടര്‍ ഷൈന മോള്‍ ഫേസ്ബുക്കിലൂടെ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സമ്മിശ്ര വികാരത്തോടെയാണ് താന്‍ കൊല്ലത്തോട് വിട പറയുന്നതെന്ന് അവര്‍ എഴുതുന്നു. രണ്ട് തെരഞ്ഞെടുപ്പുകള്‍, രൂക്ഷമായ വര്‍ളച്ച, പ്രളയം പിന്നെ മഹാദുരന്തവും. തന്റെ കാലഘട്ടം സംഭവബഹുലമായിരുന്നു. വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു അത് പലപ്പോഴും. എന്നാല്‍ ജോലിയോട് നീതി പുലര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കൊല്ലത്തിന്റെ മുഖഛായ മാറ്റിയെന്ന് താൻ അവകാശപ്പെടുന്നില്ല. ജില്ലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടു എന്നും പറയുന്നില്ല. എന്റെ ഉത്തരവാദിത്തത്തോടും എന്നോടും താൻ സത്യസന്ധത പാലിച്ചു എന്ന് ഉറപ്പായും വിശ്വസിക്കുന്നു. അനീതി ഒരിക്കലും താന്‍ വെച്ചുപൊറിപ്പിച്ചിട്ടില്ല. ജനങ്ങളെ അപായപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. ഇക്കാലത്തിനിടക്ക് ഞാന്‍ പലരേയും അതൃപ്തിപ്പെടുത്തിയിട്ടുണ്ടായിരിക്കാം.എന്നാല്‍ അത് മനപൂര്‍വമായിരുന്നില്ല. ചില സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അതിലെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിലുള്ള ക്ഷമാപണം നിങ്ങള്‍ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. എന്നോട് കാണിച്ച പരിധിയില്ലാത്ത സ്‌നേഹവും പിന്തുണയും ഞാന്‍ മറക്കില്ല. പരീക്ഷണ ഘട്ടങ്ങളില്‍ അതാണ് എനിക്ക് ശക്തി പകര്‍ന്നതെന്നും ഷൈന മോള്‍ കുറിച്ചു.
പറവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ആഞ്ഞടിച്ച് ഷൈന മോള്‍ രംഗത്തെത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്നും ഇത് പൊലീസിന്റെ വീഴ്ചതന്നെയാണെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.