ഫ്ളക്സുകളും കൊടിതോരണങ്ങളും അപകടക്കെണിയാകുന്നു

തിരുവനന്തപുരം: പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സുകളും കൊടിതോരണങ്ങളും അപകടക്കെണിയാക്കുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം ഒരുമാസത്തിനിടെ 50 അപകടങ്ങള്‍ ഉണ്ടായെന്നാണ് ട്രാഫിക് പൊലീസിന്‍െറ കണക്ക്.
ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നടപടിക്കൊരുങ്ങുകയാണ് സിറ്റി പൊലീസ്. കരമന, പാപ്പനംകോട്, മേലാറന്നൂര്‍ ഭാഗങ്ങളിലെ റോഡിന് ഇരുവശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും കൊടിതോരണങ്ങളുമാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. ഇവ നീക്കണമെന്നാവശ്യപ്പെട്ട് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും സന്നദ്ധസംഘടനകളും തമ്പാനൂര്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നിരവധി പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കരമന പൊലീസ് രാഷ്ട്രീയപ്രതിനിധികളുടെ യോഗം വിളിച്ചെങ്കിലും ബഹുഭൂരിപക്ഷവും പങ്കെടുത്തില്ല.
ഈ സാഹചര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നഗരസഭ, റവന്യൂ, റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ക്ക് പൊലീസ് കത്തയച്ചു. അനുമതിയില്ലാതെയും അപകടം വരുത്തുന്നതരത്തിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. അതേസമയം, ദേശീയപാതയോരങ്ങളില്‍ അപകടകരമാംവിധം കൂറ്റന്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചിട്ടുള്ളത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പുവേളയില്‍ സ്ഥാപിച്ച ഫ്ളക്സുകളില്‍ പലതും ഇപ്പോഴും നീക്കിയിട്ടില്ല. കഴക്കൂട്ടം ബൈപാസ് റോഡിനോട് ചേര്‍ന്ന് ബഹുനില കെട്ടിട നിര്‍മാതാക്കള്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങിലെ ഫ്ളക്സുകള്‍ ഇളകിയാടുന്ന നിലയിലാണെന്നും ആക്ഷേപമുണ്ട്. ഇവ എത്രയും വേഗം നീക്കം ചെയ്യണമെന്നും ഇല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.