തൃശൂർ: കലയുടെ പൂരപ്പറമ്പുകളിൽ കൈയൂക്കും സ്വാധീനവുമുള്ളവർ നിയമങ്ങൾ മാറ്റിവരക്കുമ്പോൾ, നിശബ്ദമായൊരു വിപ്ലവം നയിച്ചാണ് മലപ്പുറം പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ അറബനമുട്ട് ടീം കലോത്സവ വേദിയിലെത്തിയത്. മാർക്ക് ഷീറ്റിലെ വെട്ടിത്തിരുത്തലുകളെയും അധികാരത്തിന്റെ തണലിലെ ക്രമക്കേടുകളെയും നിയമപോരാട്ടത്തിലൂടെ നേരിട്ട ഈ കൊച്ചു മിടുക്കർ, നീതിയുടെ വെളിച്ചത്തിൽ തങ്ങളുടെ മുട്ടിന് ഇന്നും മനോഹരമായ താളമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.
ജില്ല കലോത്സവത്തിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ ഈ കുട്ടികൾ തളർന്നില്ല. തങ്ങളുടെ പ്രകടനം മികച്ചതായിരുന്നു എന്ന ഉറച്ച വിശ്വാസം അവരെ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു സ്കോർ ഷീറ്റ് പരിശോധിക്കാൻ പ്രേരിപ്പിച്ചു. അവിടെ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബൈത്ത്, ശ്രുതി താളം, ഭാവം തുടങ്ങിയ ഉപവിഭാഗങ്ങളിൽ കിട്ടിയ മാർക്കുകൾ കൂട്ടിനോക്കിയാൽ വെറും 83.5 മാർക്ക് മാത്രമുള്ള ഒരു ടീമിന്, ആകെ തുകയായി 93.5 മാർക്ക് നൽകി വിജയിപ്പിച്ചതായി കണ്ടെത്തി. ഈ ‘അഴിമതി’ക്കെതിരെ നെഞ്ചിലെ കനൽ തീയാക്കി അവർ പോരാടാനുറച്ചു.
ആ കൊച്ചു മിടുക്കർ നീതിപീഠത്തെ സമീപിച്ചു. കോടതി ഇടപെടുകയും പൂക്കൊളത്തൂർ സ്കൂളിന് സംസ്ഥാന മേളയിലേക്ക് വഴിതുറന്നു നൽകുകയും ചെയ്തു. കോടതി ചെലവുകൾക്കുള്ള പണം കണ്ടെത്താൻ കുട്ടികൾ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരണാതീതമാണ്. അറബനമുട്ട് ടീം തങ്ങളുടെ പ്രകടനം കാഴ്ചവെച്ചു കഴിഞ്ഞു. ജില്ലയിലെ അനീതികൾക്ക് മറുപടി പറയുന്നതുപോലെ, ഓരോ മുട്ടും കാണികളുടെ കൈയടി ഏറ്റുവാങ്ങി. ചതിക്കുഴികൾ തോൽപ്പിക്കാൻ നോക്കിയ ഒരു കലയെ, ആത്മവിശ്വാസം കൊണ്ട് എങ്ങനെ തിരിച്ചുപിടിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പൂക്കൊളത്തൂർ സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.