ബസില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം: ഡി.വൈ.എഫ്.ഐ വനിതാ നേതാവും യാത്രക്കാരിയും ഏറ്റുമുട്ടി

മൂവാറ്റുപുഴ: ബസില്‍ സീറ്റിനെ ചൊല്ലി ഡി.വൈ.എഫ്.ഐ വനിതാ നേതാവും വീട്ടമ്മയും ഏറ്റുമുട്ടി. വിവരമറിഞ്ഞത്തെിയ പ്രവര്‍ത്തകര്‍ കച്ചേരിത്താഴത്ത് ബസ് തടഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവിനെ വലിച്ചിറക്കി മര്‍ദിച്ചു. എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. മറ്റുയാത്രക്കാരും നാട്ടുകാരും തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവം വിവാദമായതോടെ കൂടുതല്‍ പൊലീസത്തെി ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തെങ്കിലും വനിതാ നേതാവിനെ സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ ഒഴിവാക്കിച്ചത് വീട്ടമ്മയും കുടുംബവും മണിക്കൂറുകളോളം സ്റ്റേഷനില്‍ കുടുങ്ങാന്‍ കാരണമായി. അതേസമയം, വനിതാ നേതാവിനെ അപമാനിച്ചെന്ന പേരില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. വീട്ടമ്മയെയും മക്കളെയും പൊലീസ് മൂവാറ്റുപുഴയിലെ കോണ്‍വന്‍റിലേക്ക് മാറ്റി.

ഞായറാഴ്ച വൈകീട്ട് ആറോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തൃശൂരില്‍നിന്ന് എരുമേലിയിലേക്കുപോയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരായ എരുമേലി സ്വദേശികളായ കുടുംബവും വനിതാ നേതാവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പെരുമ്പാവൂരില്‍നിന്ന് ബസ് പുറപ്പെട്ടശേഷം സ്ത്രീകളുടെ സീറ്റില്‍ മക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആളോട് എഴുന്നേറ്റ് മാറാന്‍ വനിതാ നേതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന്, എഴുന്നേറ്റ ഇയാള്‍ പകരം ഭാര്യയെ സീറ്റില്‍ ഇരുത്തി. ഇതോടെ വനിതാ നേതാവ് ഇയാളുടെ ഷര്‍ട്ടിന് കയറിപ്പിടിക്കുകയായിരുന്നുവത്രേ. സംഭവം കണ്ട ഭാര്യ വനിതാ നേതാവിനെ തടയാന്‍ ശ്രമിച്ചതോടെ ഇവര്‍ തമ്മില്‍ അടിപിടിയുണ്ടാവുകയായിരുന്നു. വിവരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറിഞ്ഞതോടെ ഇവര്‍ സംഘടിച്ച് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കാത്തുനിന്നു. ബസ് സ്റ്റോപ്പിലത്തെിയതോടെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി വീട്ടമ്മയുടെ ഭര്‍ത്താവിനെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. വിവരം അറിഞ്ഞത്തെിയ പൊലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തങ്കിലും വനിതാ നേതാവിനെ പിന്നീട് ഹാജരാക്കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ ഒഴിവാക്കുകയായിരുന്നു. വൈകിയും കുടുംബം സ്റ്റേഷനില്‍ കുടുങ്ങിയതോടെ പൊലീസ് വനിതാ നേതാവിനെ വിളിച്ചുവരുത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. മൂവാറ്റുപുഴയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ പരിപാടിയില്‍ പ്രസംഗിക്കാനത്തെിയതാണ് നേതാവ്. പെരുമ്പാവൂരില്‍നിന്നാണ് ഇവര്‍ ബസില്‍ കയറിയത്.
സ്ത്രീകളുടെ സീറ്റില്‍ മൂന്ന് പുരുഷന്മാര്‍ ഇരിക്കുന്നത് കണ്ട് ഒരാളോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുന്‍സീറ്റിലിരുന്ന ഭാര്യയെ വിളിച്ചിരുത്തിയ ശേഷം വനിതാ നേതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആക്രമണത്തില്‍ ഇവരുടെ മുഖത്തിനും കൈക്കും പരിക്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം, വീട്ടമ്മയുടെ കുടുംബവും സി.പി.എം അനുഭാവികളാണെന്ന് സൂചനയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.