സീതാപഹരണം

സീത സ്വന്തം ഭാഗധേയത്തെ അറിയാതെ തിരുത്തിക്കുറിക്കുന്ന കഥാസന്ദര്‍ഭമാണ് സീതാപഹരണം. ദേവാംശസംഭവയാണെങ്കിലും ആള്‍മാറാട്ടമായി വന്ന മാരീചനെന്ന രാവണസഹോദരനെ തിരിച്ചറിയാതിരിക്കുക, രാവണനാല്‍ അപഹരിക്കപ്പെട്ടുവെന്ന് മുന്‍കൂട്ടി അറിയാതിരിക്കുക എന്നീ കാര്യങ്ങളില്‍ വായനക്കാരില്‍ പ്രത്യേകിച്ചും ഭക്തരില്‍ ചോദ്യങ്ങള്‍ ഉയരുന്നില്ല എന്നതാണ് കാവ്യത്തിന്‍െറ വിജയം. കാഷായ വസ്ത്രധാരിണിയാണെങ്കിലും സ്ത്രീയുടെ സഹജമായ സ്വര്‍ണാഭിമുഖ്യം വെളിപ്പെടുത്തുന്നതാണ് സ്വര്‍ണനിറമുള്ള മായാമൃഗത്തെ കണ്ട് ഭ്രമിച്ച സീതയുടെ അവസ്ഥ. മായാമോഹിതയായി, മാനിനെ വേട്ടയാടാന്‍ രാമനെ പറഞ്ഞയച്ച സീത പിന്നീടും മായയില്‍ കുടുങ്ങുന്നത് താപസവേഷത്തില്‍ വന്ന രാവണന്‍െറ മുന്നിലാണ്. മഹാലക്ഷ്മിയായ സീതയെ മനുഷ്യസ്ത്രീയായി രൂപകല്‍പന ചെയ്യുകയാണ് വാല്മീകി ചെയ്തത് എന്ന് നമുക്ക് സമാധാനിക്കാം. 
അംഗച്ഛേദം സംഭവിച്ച ശൂര്‍പ്പണഖ ജ്യേഷ്ഠസഹോദരനായ രാവണനില്‍ ജനിപ്പിച്ച അനുകമ്പയും പ്രതികാരബുദ്ധിയുമാണ് സീതാപഹരണത്തിലേക്ക് നയിച്ചത്. രാക്ഷസിയാണെങ്കിലും സ്ത്രീത്വത്തിന്‍െറ നിലക്കാത്ത നിലവിളിയാണ് ശൂര്‍പ്പണഖ. മായാജാല വിദഗ്ധനായ മാരീചന്‍ ജ്യേഷ്ഠന്‍െറ ആഗ്രഹം സാധിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. ഒൗചിത്യവും കൗശലവും ഒത്തിണങ്ങിയ മാരീചന്‍ സ്ത്രീയുടെ മനസ്സ് വായിച്ചെടുക്കുകയും മായാവിദ്യകൊണ്ട് രാമനെ അകലത്തേക്ക് നയിക്കുകയും ചെയ്യുന്നു. രാമന്‍െറ അമ്പേറ്റ് പിടയുന്ന മാരീചന്‍ രാമന്‍െറ ശബ്ദത്തില്‍ സീതേ... സീതേ എന്നാണ് വിലപിച്ചത്. അത് രാമന്‍െറ ശബ്ദമല്ല എന്ന ബോധ്യം ലക്ഷ്മണനുണ്ടായിട്ടും സീത അതിചപലമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. ലക്ഷ്മണന്‍ വരച്ചിട്ട അതിര്‍ത്തിരേഖ (ലക്ഷ്മണരേഖ) ലംഘിച്ച് രാവണന്‍െറ കൈകളില്‍ അകപ്പെടുന്നതുള്‍പ്പെടെ ഈ സന്ദര്‍ഭത്തില്‍ സീത കാട്ടിയതെല്ലാം ചപലവൃത്തികളായിരുന്നു. ഇത്തരം അനിച്ഛാപരമായ കര്‍മങ്ങളുടെ നിരവധി സന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.