ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗം; ന്യൂനപക്ഷ വിരുദ്ധനല്ല -പിള്ള

കൊട്ടാരക്കര: ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിൽ വിശദീകരണവുമായി കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പുറത്തുവന്ന ശബ്ദരേഖ സന്ദർഭത്തിൽ  നിന്നും അടർത്തിയെടുത്ത് എഡിറ്റ് ചെയ്തതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ​പ്രസംഗത്തി​െൻറ പേരിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ ന്യൂനപക്ഷ വിരുദ്ധനല്ല. പറയാത്ത കാര്യങ്ങളാണ് ശബ്ദരേഖയിലുള്ളത്. തനിക്കെതിരെ മനപ്പൂർവം ഒരു പത്രം നടത്തിയ ആക്രമണം കൂടിയായിരുന്നു ആ വാർത്ത.  പല സന്ദർഭങ്ങളിലായി പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്തതാണ്. അതാരാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

എല്ലാ വർഷവും മുസ്ലിം പള്ളികളിലും കൃസ്ത്യൻ പള്ളികളിലും സന്ദർശനം നടത്താറുള്ള ആളാണ്. മുമ്പ് ഒരു തെരഞ്ഞടുപ്പ് കാലത്ത് പിള്ളയച്ചായൻ, കുരിശുപിള്ളയെന്നെല്ലാം തനിക്കെതിരെ എഴുതിവെച്ചത് താൻ ന്യൂനപക്ഷങ്ങളോടൊപ്പം പ്രവർത്തിച്ചതിനാലായിരുന്നു.

അഞ്ച് നേരം നമസ്കരിക്കുന്ന മുസ്ലിംകളും ഞായറാഴ്ച കുർബാനക്ക് പോകുന്ന കൃസ്ത്യാനികലെയും പോലെ ഹിന്ദു സഹോദരരും അമ്പലത്തിൽ പോകണമെന്ന് താൻ പ്രസംഗത്തിൽ പറഞ്ഞകാര്യം ശരിയാണ്. കൂടാതെ ശബരിമലയിൽ സത്രീ പ്രവേശത്തിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ലെന്നും അത് തന്ത്രിമാരാണ് തീരുമാനിക്കുകയെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ കോടതി ഈ വിഷയത്തിൽ ഇടപെട്ടാൽ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശവും ചർച്ചയാകും.  ഇത് ശരിയല്ലെന്നുമാണ് പറഞ്ഞതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.

തനിക്ക് മക്കയിൽ പോവാനാവത്തതിനാൽ മറ്റൊരാളെ ഹജിന് പറഞ്ഞയച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തപ്പോൾ അതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്. അതിനാൽ തന്നെ താൻ ന്യൂനപക്ഷ വിരുദ്ധനെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.