മെഡിക്കല്‍ പരീക്ഷ പൂര്‍ത്തിയായതിനു പിന്നാലെ ‘നീറ്റി’നായി സുപ്രീംകോടതി വിധി

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിന് വിവിധ പരീക്ഷകള്‍ക്ക് പകരം നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്) എന്ന പേരില്‍ ഈ വര്‍ഷം തന്നെ ഒറ്റ പരീക്ഷ നടത്താനുള്ള സുപ്രീംകോടതി വിധിയത്തെിയത് വിദ്യാര്‍ഥികള്‍ സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷാഹാള്‍ വിട്ടതിന് തൊട്ടുപിന്നാലെ.
മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം ലക്ഷ്യമിട്ട് കഠിനപ്രയത്നം നടത്തി സംസ്ഥാന പ്രവേശ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് നിരാശ പകരുന്നതാണ് സുപ്രീംകോടതി വിധി. ഇവര്‍ മേയ് ഒന്നിനോ ജൂലൈ 24നോ നടക്കുന്ന നീറ്റ് പരീക്ഷയില്‍ ഒന്ന് എഴുതേണ്ടിവരും.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശപരീക്ഷ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് നടന്നത്. 126186 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതില്‍ 116900 പേര്‍ വ്യാഴാഴ്ച പരീക്ഷ എഴുതാനത്തെി. 92.64 ശതമാനമായിരുന്നു ഹാജര്‍. പരീക്ഷ കഴിഞ്ഞയുടന്‍ ഉത്തരസൂചികയും പ്രവേശപരീക്ഷാകമീഷണറേറ്റ് പ്രസിദ്ധീകരിച്ചു. മേയ് 25നാണ് ഫലം പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ടത്. ഈ വര്‍ഷം സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും സുപ്രീംകോടതി വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.
വിധിയുടെ പരിധിയില്‍ കല്‍പിത സര്‍വകലാശാലാ പദവിയുള്ള സ്ഥാപനങ്ങള്‍ വന്നാല്‍ അമൃത വിശ്വവിദ്യാലയത്തിലെ മെഡിക്കല്‍ പ്രവേശത്തിനും നീറ്റ് ബാധകമാകും. പ്രവേശപരീക്ഷാകമീഷണറുടെ അലോട്ട്മെന്‍റ് സ്വീകരിക്കാതെ സ്വന്തം നിലക്ക് പ്രവേശ നടപടികള്‍ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ക്കാണ് വിധി കനത്ത ആഘാതമായത്.
മെറിറ്റ് അട്ടിമറിച്ച് പ്രവേശം നടത്തുന്ന ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കുവരെ നീറ്റ് പട്ടികയില്‍ നിന്ന് മാത്രമേ ഇനി പ്രവേശം നടത്താനാകൂ. മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രത്യേക പ്രവേശപരീക്ഷ നടത്തുന്ന രീതികളും ഇനി നടപ്പില്ല. സി.ബി.എസ്.ഇ നേരത്തേ അപേക്ഷ ക്ഷണിച്ച, മേയ് ഒന്നിന് നടത്തുന്ന ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍/ പ്രീ ഡെന്‍റല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.പി.എം.ടി) നീറ്റിന്‍െറ ആദ്യഘട്ട പരീക്ഷയായി മാറും. ഇതിന് നേരത്തേ അപേക്ഷിക്കാത്തവര്‍ക്ക് രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ജൂലൈ 24നായിരിക്കും രണ്ടാംഘട്ട പരീക്ഷ. രണ്ട് പരീക്ഷകളുടെയും ഫലം ആഗസ്റ്റ് 17ന് പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.
സംസ്ഥാന മെഡിക്കല്‍ പ്രവേശ പരീക്ഷ അഭിമുഖീകരിച്ച ശേഷം വീണ്ടും നീറ്റ് പരീക്ഷക്കായി കാത്തിരിക്കേണ്ടതാണ് ഇത്തവണ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നം. നീറ്റ് പരീക്ഷക്കായി അവലംബിക്കുന്ന പാഠ്യപദ്ധതി സംബന്ധിച്ചും പലര്‍ക്കും ആശങ്കയുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.