ഓര്‍മകളുടെ വിജനമായ വഴിയിലേക്ക് അയാള്‍ നടക്കാനിറങ്ങി

ഒരു തലമുറയുടെ ഓര്‍മയില്‍ മുഴുവന്‍ നിറഞ്ഞുകിടപ്പുണ്ട് വളഞ്ഞുപുളഞ്ഞ, കുനുകുനെയുള്ള ആ വരകള്‍. വിഡ്ഢിയായ പഞ്ചായത്ത് പ്രസിഡന്‍റും കള്ളലക്ഷണമുള്ള രാഷ്ട്രീയക്കാരനും കോപിഷ്ഠയായി മാത്രം പ്രത്യക്ഷപ്പെടുന്ന ചേട്ടത്തിയും ലോലഭാവത്തില്‍ കറങ്ങിനടക്കുന്ന അപ്പി ഹിപ്പിയും നര്‍മസമ്പന്നനായ ഉപ്പായി മാപ്ളയും എല്ലാത്തിനുമിടയില്‍ കുസൃതികള്‍കൊണ്ടും കുറിക്കുകൊള്ളുന്ന ചിരിപ്പടക്കങ്ങള്‍കൊണ്ടും തലവേദന തീര്‍ത്ത് നടക്കുന്ന ബോബനും മോളിയും. അവര്‍ക്കിടയില്‍ ചാടിത്തുള്ളുന്ന നായക്കുട്ടിയും. എത്രയോ കാലം പ്രായഭേദമില്ലാതെ മലയാളികള്‍ കണ്ടും വായിച്ചും അറിഞ്ഞ ആ കാര്‍ട്ടൂണുകള്‍ മതി കാലമെത്ര കഴിഞ്ഞാലും അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ തോമസ് എന്ന ടോംസിനെ മലയാളികളുടെ മനസ്സില്‍ മായാതെ നിലനിര്‍ത്താന്‍.
ഒരിക്കല്‍ ടോംസ് വരച്ച ബോബന്‍െറയും മോളിയുടെയും ചിത്രങ്ങള്‍ കണ്ട ഫാദര്‍ ജോസഫ് വടക്കുംമുറിയാണ് ‘ബോബനും മോളിയും’ മലയാള മനോരമ ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. അയച്ചുകൊടുത്ത കാര്‍ട്ടൂണ്‍ അതേ വേഗത്തില്‍ തിരിച്ചുവന്നു. നിരാശനായ ടോംസ് കാര്‍ട്ടൂണ്‍ പണി നിര്‍ത്തി അപ്പന്‍െറ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷിനാശത്തിന് നഷ്ടപരിഹാരം വാങ്ങാന്‍ ആലപ്പുഴ കൃഷിയാപ്പീസില്‍ പോയതാണ് ടോംസിന്‍െറ ജീവിതത്തിലെ വഴിത്തിരിവായത്. കൃഷിയാപ്പീസിന്‍െറ മുറ്റത്തുവെച്ച് കണ്ട പഴയ സുഹൃത്ത് ‘വരയൊക്കെ എന്തായി...?’ എന്നു ചോദിക്കുന്നു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാത്ത പത്രാധിപന്മാരെ ടോംസ് ചീത്ത വിളിക്കുന്നു. അതുകേട്ടുനിന്ന ഒരാള്‍ ‘പത്രക്കാരെ മുഴുവന്‍ ചീത്തവിളിച്ച താങ്കള്‍ കവിയാണോ’ എന്ന് ചോദിക്കുന്നു.
‘അല്ല, ചിത്രകാരനാണ്. നന്നായി കാര്‍ട്ടൂണ്‍ വരക്കാനറിയാം. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ ആരുമില്ല’.

അയാള്‍ കടലാസില്‍ ഒരു മേല്‍വിലാസമെഴുതി ടോംസിന് കൊടുക്കുന്നു. വര്‍ഗീസ് കളത്തില്‍, എഡിറ്റര്‍, മനോരമ വാരിക എന്ന ആ വിലാസത്തില്‍ കാര്‍ട്ടൂണ്‍ അയക്കാന്‍ അയാള്‍ പറഞ്ഞു. താങ്കള്‍ ആരാണ് എന്ന ടോംസിന്‍െറ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞു.
‘ആളുകള്‍ എന്നെ വിളിക്കുന്നത് വര്‍ഗീസ് കളത്തില്‍ എന്നാണ്’.

അങ്ങനെ ബോബനും മോളിയും മനോരമ വാരികയിലൂടെ പുറത്തുവന്നു തുടങ്ങി. അങ്ങനെ മലയാളികള്‍ മനോരമ വാരികയുടെ അവസാന പേജില്‍നിന്ന് വായന തുടങ്ങി. ഓരോ ആഴ്ചയും ബോബനും മോളിയും വായിക്കാന്‍ ആളുകള്‍ കാത്തിരുന്നു. രാഷ്ട്രീയക്കാരും സിനിമക്കാരും പുരോഹിതരും കോളജ് അധ്യാപകരും വിദ്യാര്‍ഥികളും വീട്ടമ്മമാരുമെല്ലാം ആ ഇരട്ടക്കുട്ടികളുടെ ആരാധകരായി.

ആര്‍തര്‍ കോനന്‍ ഡോയലിനെക്കാള്‍ ഷെര്‍ലക് ഹോംസ് പ്രശസ്തനായതുപോലെ ലീ ഫാക്കിനെക്കാള്‍ ഫാന്‍റവും മാന്‍ഡ്രേക്കും സുപരിചിതരായതുപോലെ ടോംസ് എന്ന കാര്‍ട്ടൂണിസ്റ്റിനെക്കാള്‍ അയാളുടെ ബ്രഷില്‍ പിറവിയെടുത്ത ബോബനും മോളിയും മലയാളികളുള്ള ദിക്കില്‍ അവരുടെ പരിചയക്കാരായി.
ചെറുചെറു സംഭവങ്ങളില്‍നിന്ന് ആക്ഷേപ ഹാസ്യത്തിന്‍െറ രൂക്ഷതലങ്ങളിലേക്കും കാര്‍ട്ടൂണ്‍ കയറിപ്പോയപ്പോള്‍ ടോംസ് കോടതിയും കയറിയിറങ്ങി. ചില്ലറക്കാരായിരുന്നില്ല കേസ് കൊടുത്തത്. കെ. കരുണാകരന്‍, എ.കെ.ജി, മത്തായി മാഞ്ഞൂരാന്‍ തുടങ്ങിയവര്‍. വയലാര്‍ രവി പരാതിയുമായി ചെന്നത് പത്രാധിപരുടെ അടുത്തായിരുന്നു. ഒടുവില്‍ അതേ വാരികക്കെതിരെ സുപ്രീംകോടതിവരെ ആ കോമിക് യുദ്ധമത്തെി.

ബോബനും മോളിയുടെയും പിതൃത്വം കാര്‍ട്ടൂണിസ്റ്റായ തനിക്ക് അവകാശപ്പെട്ടതാണെന്ന പോരാട്ടം ഒടുവില്‍ രമ്യമായി പരിഹരിക്കുകയായിരുന്നു.
കുട്ടനാട്ടിലെ ചങ്ങനാശ്ശേരിക്കടുത്ത് വെളിയനാട്ട് 1929 ജൂണ്‍ ആറിന് ജനിച്ച ടോംസ് ജ്യേഷ്ഠനില്‍നിന്നായിരുന്നു ചിത്രകലയുടെ വഴി കണ്ടത്തെിയത്. ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്ന ജ്യേഷ്ഠന്‍ പീറ്റര്‍ തോമസിനെ മാതൃകയാക്കിയാണ് ടോംസ് വരച്ചു തുടങ്ങിയത്. അതിനു മുമ്പ് രണ്ടാം ലോക യുദ്ധകാലത്ത് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. സൈന്യത്തില്‍ ചേര്‍ന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിച്ച് നാട്ടില്‍ മടങ്ങിയത്തെിയ ടോംസിനു മുന്നില്‍ ജ്യേഷ്ഠന്‍ മാതൃകാപുരുഷനായി. പിന്നീട് ജ്യേഷ്ഠനെക്കാള്‍ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റായി.
ആറു മക്കള്‍ ഉണ്ടായപ്പോള്‍ അവര്‍ക്കും ടോംസ് തന്‍െറ ഓമന കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കി. ബോബന്‍, ബോസ്, മോളി, റാണി, പീറ്റര്‍, പ്രിന്‍സി. ത്രേസ്യയായിരുന്നു ഭാര്യ.

56 വര്‍ഷത്തിലേറെ കാര്‍ട്ടൂണുകള്‍ വരച്ച ടോംസിന്‍െറ ഓര്‍മക്കുറിപ്പുകള്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ ‘ഓര്‍മകളിലെ രേഖാചിത്രം’ എന്ന പേരില്‍ ഖണ്ഡ$ശയായി പ്രസിദ്ധീകരിച്ചു. ഓര്‍മകള്‍ കൊത്തിപ്പെറുക്കുന്ന വെറുമൊരു കുറിപ്പായിരുന്നില്ല അത്. കുട്ടനാടിന്‍െറ സാമൂഹിക ചിത്രവും കേരളത്തിന്‍െറ രാഷ്ട്രീയ ഭൂപടവുമായിരുന്നു ആ കുറിപ്പുകള്‍.

രാത്രി പത്തര മണി കഴിയുമ്പോഴാണ് കാര്‍ട്ടൂണ്‍ വരയ്ക്കാനിരിക്കുക എന്ന് ഒരിക്കല്‍ ടോംസ് പറഞ്ഞിട്ടുണ്ട്. നല്ളൊരു കാര്‍ട്ടൂണ്‍ വരച്ചുകഴിഞ്ഞാല്‍ അതിന്‍െറ സംതൃപ്തിയില്‍ ഒരു പൊതി കടലയും കൊറിച്ച് ആളൊഴിഞ്ഞ റോഡിലൂടെ ടോംസ് നടക്കാനിറങ്ങും. ഒരായിരം കാര്‍ട്ടൂണ്‍ ചിത്രങ്ങളൂടെ പൊതിയഴിച്ച് ഇരുട്ടുവീണ വിജനമായ തെരുവിലൂടെ ടോംസ് നടന്നു മറഞ്ഞിരിക്കുന്നു. അപ്പോഴും ഇനിയും പ്രായമാകാത്ത ടോംസിന്‍െറ ബോബനും മോളിയും മലയാളികളുടെ മനസ്സില്‍ വിട്ടുമായാത്ത കുസൃതിച്ചിത്രമായി നിറഞ്ഞുനില്‍ക്കും.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.