തൃശൂര്‍ പൂരത്തില്‍ ആനകള്‍ക്ക് പീഡനം: മൃഗക്ഷേമ ബോര്‍ഡിന്‍െറ കണ്ടത്തെലിനെതിരെ മൃഗ സംരക്ഷണ വകുപ്പ്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകള്‍ക്ക് ക്രൂരപീഡനം ഏറ്റെന്ന കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്‍െറ കണ്ടത്തെലിനെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചും ആനകളുടെ സുരക്ഷയും ആരോഗ്യവും പൂര്‍ണമായും കണക്കിലെടുത്തുമാണ് ആനകളെ എഴുന്നള്ളിച്ചതെന്ന് തൃശൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൃഗ ക്ഷേമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വന്ന വാര്‍ത്തകളുടെ സാഹചര്യത്തിലാണ് വകുപ്പിന്‍െറ വിശദീകരണം.
പൂരത്തില്‍ പങ്കെടുത്ത 68 ആനകളെ ഏപ്രില്‍ 16, 17 തീയതികളില്‍ 40 വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ചിരുന്നു. എല്ലാ ആനകളുടെയും മൈക്രോ ചിപ്പ് വിവരങ്ങള്‍ ഇന്‍ഷുറന്‍സ്, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്, ഡാറ്റാബുക്ക് എന്നീ രേഖകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തിയത്. രോഗാവസ്ഥയിലുളളതോ മുറിവേറ്റതോ വ്രണമുള്ളതോ ആയ ആനകള്‍ക്ക് കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. എഴുന്നള്ളത്തിനിടെ ആനകള്‍ക്ക് യഥേഷ്ടം ജലാംശം കൂടുതലുളള തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയവും പനമ്പട്ടയും നല്‍കി. ആനകളെ നിരത്തേണ്ടി വരുന്ന സ്ഥലങ്ങളിലെല്ലാം തറ നന്നായി തണുപ്പിക്കാന്‍ നനഞ്ഞ ചാക്കുകള്‍ വിരിക്കുകയും പന്തലും ഗ്രീന്‍ഷേഡും ഒരുക്കുകയും ചെയ്തിരുന്നു.
‘ആന്‍കുഷ്’ കേരളത്തില്‍ ഉപയോഗിക്കുന്ന ആയുധമല്ല. വാര്‍ത്തകള്‍ക്കൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പലതും ഈ വര്‍ഷത്തെ പൂരവുമായി ബന്ധപ്പെട്ടതല്ല. പൂരത്തില്‍ ആന എഴുന്നളളിപ്പുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ക്ക് ഇട നല്‍കാതെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്നും അവാസ്തവ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കാനാണ് വിശദീകരണമെന്നും വകുപ്പ് പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.