ആ വെള്ളാരംകണ്ണുകള്‍ ഇനിയില്ല

കോട്ടയം: അപൂര്‍വ രോഗത്തിന്‍െറ പിടിയില്‍ വലയുന്ന നിരവധി പേര്‍ക്ക് പ്രതീക്ഷയായിരുന്നു വെള്ളാരം കണ്ണുമായി ജനമനസ്സുകളില്‍ ഇടംനേടിയ 23കാരിയായ അമ്പിളി ഫാത്തിമ. ഏറെ കാത്തിരുന്നാണ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്‍-ഷൈല ദമ്പതികള്‍ക്ക് വെള്ളാരംകണ്ണുള്ള കണ്‍മണി പിറന്നത്. രണ്ടാം വയസ്സില്‍ തലചുറ്റിവീണപ്പോഴാണ് അവള്‍ക്ക് ‘പള്‍മണറി ഹൈപര്‍ ടെന്‍ഷന്‍’ എന്ന അപൂര്‍വ രോഗമുണ്ടെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ശരീരത്തില്‍ അശുദ്ധരക്തവും ശുദ്ധരക്തവും കൂടിച്ചേരുന്ന അപൂര്‍വത ശാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കി.  
സ്കൂള്‍-കോളജ് പഠനകാലത്തും അല്ലാതെയും നിരവധി തവണ കുഴഞ്ഞുവീണിട്ടും പ്രതിസന്ധികളെ മറികടന്ന് പഠനത്തില്‍ പൂര്‍ണമായും മുഴുകിയാണ് അമ്പിളി വിജയം നേടിയത്. പ്രതിസന്ധികള്‍ക്കിടയിലും ഐ.എ.എസ് സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം പതിയെ നിലക്കുമ്പോള്‍ ബോധംകെട്ടുപോകുക പതിവായിരുന്നു. ബോധം കെട്ടുവീഴുന്ന ഫാത്തിമയുടെ കഥയറിഞ്ഞ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും സഹായഹസ്തം നീട്ടി. വൃക്ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കോട്ടയം സി.എം.എസ് കോളജില്‍ നല്ലതുപോലെ ‘ഓക്സിജന്‍’ കിട്ടുന്നതിനാല്‍ ഉപരിപഠനത്തിന് പ്രവേശം സാധ്യമാക്കിയാണ് സഹായിച്ചത്.  2015 ജൂണില്‍ സി.എം.എസ് കോളജിലെ എം.കോം അവസാനവര്‍ഷ പഠനകാലത്ത് രോഗം കലശലായി. ഇതേതുടര്‍ന്നാണ് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നടത്തിയത്.
ശസ്ത്രക്രിയക്കുശേഷം മൂന്നു മാസം ആരോഗ്യകരമായി കടന്നുപോയപ്പോള്‍ അമ്പിളിയെ തേടി വീണ്ടും വിധിയുടെ പരീക്ഷണമത്തെി. ഡോക്ടര്‍മാരുടെ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിനിടയിലും ശക്തമായ അണുബാധ അമ്പിളിയുടെ ഹൃദയത്തെ ബാധിച്ചു. രക്തം പമ്പ് ചെയ്യുന്ന കുഴലുകളില്‍ നീര്‍ക്കെട്ട്. ഏറ്റവും അടിയന്തരമായി ഓപണ്‍ ഹാര്‍ട്ട് സര്‍ജറി നവംബര്‍ അഞ്ചിന് വീണ്ടും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞതോട അമ്പിളിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ വേണ്ടിവന്നത് ഒരുകോടിയോളം രൂപയാണ്. മലയാളികള്‍ അകമഴിഞ്ഞു നല്‍കിയ 70 ലക്ഷം രൂപ ആദ്യ ശസ്ത്രക്രിയയില്‍ തന്നെ ചെലവായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.