ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ ഇനി അവരില്ല 

വളാഞ്ചേരി: കളിക്കളത്തിലെ വിജയത്തിനുശേഷം സുഹൃത്തുക്കളായ യുവാക്കള്‍ മടങ്ങിയത് മരണത്തിലേക്ക്. ഞായറാഴ്ച പുലര്‍ച്ചെ നാലരക്ക് വളാഞ്ചേരി-പട്ടാമ്പി റോഡില്‍ കോട്ടപ്പുറം ജുമാമസ്ജിദിന് സമീപം ലോറി കയറി മരിച്ച മൂന്ന് യുവാക്കളും ഫുട്ബാള്‍ കളിക്കാരാണ്. പല ടൂര്‍ണമെന്‍റുകളിലും ഇവര്‍ ജഴ്സിയണിഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം ചെല്ലൂരില്‍ നടന്ന ഫുട്ബാള്‍ മത്സരം കണ്ടതിന് ശേഷം രാത്രി 12ഓടെയാണ് ഇവര്‍ തിരുവേഗപ്പുറയില്‍ നടക്കുന്ന ഫ്ളഡ്ലിറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ സുഹൃത്തുക്കള്‍ കളിക്കുന്നത് കാണാന്‍ പോയത്. ഇതിനുശേഷം വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് റംഷീഖ്, ഫാസില്‍, മുഹമ്മദ് നംഷാദ് എന്നിവര്‍ അപകടത്തില്‍പ്പെട്ടത്. മത്സരത്തിന്‍െറ അടുത്തഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നവരും ഇവരുടെ കൂടെയുണ്ടായിരുന്നു. അഞ്ച് ബൈക്കുകളിലായിട്ടായിരുന്നു സംഘം തിരിച്ചത്. ലോറിയിടിച്ച് റോഡരികിലെ വൈദ്യുതി തൂണും വീട്ടുമതിലും തകര്‍ന്നു. മറ്റ് മൂന്ന് ബൈക്കുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ലോറിക്ക് പിന്നിലായിരുന്നതിനാല്‍ അവര്‍ രക്ഷപ്പെട്ടു. ഏറെ പണിപ്പെട്ടാണ് ലോറിക്കടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്. 

നാടുണര്‍ന്നത് ദാരുണവാര്‍ത്തയിലേക്ക് 
വളാഞ്ചേരി: ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ആ ദാരുണവാര്‍ത്ത കേട്ടാണ് നാടുണര്‍ന്നത്. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വളാഞ്ചേരി-കൊപ്പം റോഡില്‍ വളാഞ്ചേരി മുതല്‍ വലിയകുന്ന് വരെ ഈ അടുത്തകാലത്താണ് റബറൈസ് ചെയ്തത്. റോഡ് വീതികൂട്ടി റബറൈസ് ചെയ്തതോടെ വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അമിതവേഗതയിലാണ് പോകുന്നത്. അപകടവിവരമറിഞ്ഞ് മൃതദേഹങ്ങള്‍ സൂക്ഷിച്ച വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ രാവിലെ മുതല്‍ നിരവധി പേരാണത്തെിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൂവരുടേയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.