കണ്ണില്ലാത്ത വലിയ ജീവിതത്തിന് നാട് കാഴ്ചയേകുന്നു

കല്‍പറ്റ: കാരുണ്യംവറ്റാത്ത ആളുകളുടെ സഹായങ്ങള്‍ വയനാടന്‍ ചുരംകയറിയത്തെുമ്പോള്‍ പൂവണിയുന്നത് അന്ധനും ബിരുദധാരിയുമായ ജൈവകര്‍ഷകന്‍െറ വലിയസ്വപ്നം. രണ്ടു കണ്ണിനും കാഴ്ചയില്ലാഞ്ഞിട്ടും കൃഷിചെയ്ത് ജീവിക്കുന്ന മണിയേട്ടന്‍െറ പോരാട്ടഗാഥ കഴിഞ്ഞ ഫെബ്രുവരി 15ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ നാട്ടിലും മറുനാട്ടിലുമുള്ള നിരവധിയാളുകളും സംഘടനകളും സാമ്പത്തികസഹായവുമായത്തെുകയായിരുന്നു. പട്ടികജാതിക്കാരനാണ് കല്‍പറ്റ പൊഴുതന അച്ചൂര്‍ സ്വദേശിയായ മണി എന്ന കുട്ടന്‍ (55). അമ്മ ചെറുപ്പത്തിലേ മരിച്ചു. അഞ്ചാംവയസ്സില്‍ തുടങ്ങിയതാണ് കണ്ണുദീനം. ഇപ്പോള്‍ കണ്ണുകളില്‍ കൂരിരുട്ട് മാത്രം. എന്നിട്ടും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി.

പാലക്കാട്ടെ മണ്ണാര്‍ക്കാട്ടുനിന്ന് ഇളംപ്രായത്തില്‍ അച്ഛന്‍ ചാമിയോടൊപ്പമാണ് വയനാട്ടിലത്തെിയത്. പൊഴുതന അച്ചൂരിലെ തേയിലത്തോട്ടത്തില്‍ തൊഴിലാളിയായിരുന്ന ചാമി കഷ്ടപ്പാടിനിടയിലും മണിയെ പഠിപ്പിച്ചു. കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് മണി പ്രീഡിഗ്രിയും ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും നേടി. പിന്നീട് കോഴിക്കോട് ലോ കോളജില്‍ ചേര്‍ന്നെങ്കിലും അച്ഛന്‍െറ മരണത്തോടെ നിയമപഠനം തുടരാനായില്ല. അച്ചൂരിലെ എസ്റ്റേറ്റിലെ വാടകറൂമില്‍ സഹോദരിയോടൊപ്പം താമസിക്കുകയാണിപ്പോള്‍. കൂലിപ്പണിക്കാരിയായ സഹോദരിയുടെ ബുദ്ധിവൈകല്യമുള്ള മകളുടെയും സംരക്ഷണച്ചുമതല മണിയേട്ടനാണ്. എന്നിട്ടും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ ഇദ്ദേഹം തയാറല്ല. എല്ലാ ദിവസവും ആറുമണിക്ക് ഉണര്‍ന്ന് വൈകീട്ട് അഞ്ചുവരെ സ്വന്തം വയലില്‍ മെയ്മറന്ന് പണിയെടുക്കും.

മാര്‍ക്കറ്റില്‍ നേരിട്ടുപോയി വിളകള്‍ വില്‍ക്കുകയും ചെയ്യും. ഇത്രയൊക്കെ അധ്വാനിച്ചിട്ടും 3000 രൂപ മാത്രമാണ് മാസവരുമാനം. മുമ്പ് തെങ്ങുകയറ്റമടക്കമുള്ള പണികള്‍ക്ക് പോയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ നിര്‍ത്തേണ്ടിവന്നു. ചെറിയ സംഖ്യ സ്വരുക്കൂട്ടി തുടങ്ങിയ വീടുപണി ഇതിനാല്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. പഞ്ചായത്ത് മുതല്‍ മുഖ്യമന്ത്രിക്കടക്കം പലവട്ടം അപേക്ഷനല്‍കിയതാണ്. എന്നാല്‍, അന്ധനാണെന്ന പരിഗണനപോലുമുണ്ടായില്ല, സാമ്പത്തിക സഹായം കിട്ടിയില്ല. ഇതിനിടയിലാണ് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വാര്‍ത്ത കണ്ട് ഒമാനിലെ ‘കൃഷിക്കൂട്ടം’ ഫേസ്ബുക് കൂട്ടായ്മ 1,31,733 രൂപ സമാഹരിച്ചിരുന്നു. ഈ തുകയുടെ ചെക് മണിയേട്ടന്‍െറ കൃഷിയിടത്തില്‍വെച്ച് ‘മാധ്യമം’ പ്രതിനിധികള്‍ കൈമാറി. മറ്റ് സുമനസ്സുകളും നേരത്തെ സഹായം നല്‍കിയിരുന്നു. നാട്ടില്‍ നടന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ലാഭവിഹിതം സംഘാടകര്‍ നല്‍കി. പിണങ്ങോടിയന്‍സ് വാട്സ്ആപ് കൂട്ടായ്മയും സഹായം നല്‍കും. ‘സംസം’ കുടിവെള്ളപദ്ധതി വഴി മണിയേട്ടന്‍െറ കൃഷിയിടത്തിലുള്ള കിണറിന്‍െറ പണി പൂര്‍ത്തീകരിക്കും. എല്ലാം കൂടി രണ്ടുലക്ഷത്തോളം രൂപ സഹായം ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ട് വീടിന്‍െറ കോണ്‍ക്രീറ്റ് പണി നടത്താനാകും. പിന്നെയുള്ള പണികള്‍ക്ക് പണം കണ്ടത്തൊനായി മണിയേട്ടന്‍ ചുട്ടുപൊള്ളുന്ന ഈ വേനലിലും പെടാപാട് പെടുന്നു.

സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ അച്ചൂരാനം ശാഖയില്‍ 0704053000004952 എന്ന നമ്പറില്‍ മണിയേട്ടന് അക്കൗണ്ടുണ്ട്. IFSC: SIBL0000704. ഫോണ്‍: 09562030695. അപ്പോഴും എല്ലാവര്‍ക്കും നൂറുവാക്കില്‍ നന്ദി പറയുകയാണ് ‘വലിയജീവിതം’ നയിക്കുന്ന ഈ കുറിയമനുഷ്യന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.