സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് 

തിരുവനന്തപുരം: വേനല്‍ച്ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വരള്‍ച്ചാസാധ്യതയെന്ന് മുന്നറിയിപ്പ്. നേരിയ തോതില്‍ പ്രതീക്ഷിച്ചിരുന്ന വേനല്‍മഴ  ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കിണറുകളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റുന്ന സാഹചര്യത്തില്‍ വരള്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ളെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍, കനത്തചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്തെങ്കിലും താപനിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇത് ഗൗരവമായി കാണണമെന്ന് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്- 38.8 ഡിഗ്രി സെല്‍ഷ്യസ്. സാധാരണനിലയില്‍ നിന്ന് 2.4 ഡിഗ്രി കൂടുതലാണിത്. 27.3 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട്ട് രേഖപ്പെടുത്തിയ കുറഞ്ഞ ചൂട്. കഴിഞ്ഞവാരം ഇവിടെ 40 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിരുന്നു. ഇതില്‍നിന്ന് നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും കുറഞ്ഞചൂട് 27 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. ഇതിനാല്‍ താപനിലയിലുണ്ടാകുന്ന കുറവ് ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്നില്ല. വെള്ളിയാഴ്ച കോഴിക്കോട്- 38.9 , കണ്ണൂര്‍ -38.5, ആലപ്പുഴ -36.6, പുനലൂര്‍ -36.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. അതേസമയം പുനലൂര്‍ (മൂന്ന് സെ.മീ), കാഞ്ഞിരപ്പള്ളി, കുരുടമണ്ണില്‍ (ഒരു സെ.മീ) എന്നിവിടങ്ങളില്‍ മഴ പെയ്തു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 

2050ഓടെ വെള്ളം ഇറക്കുമതി ചെയ്യേണ്ടിവരും
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമങ്ങള്‍ കൊടുംചൂടില്‍ പൊരിയുമ്പോള്‍ ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ്. നിലവിലുള്ള രീതിയില്‍ ഭൂഗര്‍ഭജലചൂഷണം തുടര്‍ന്നാല്‍ 2050ഓടെ ഇന്ത്യക്ക് വിദേശത്തുനിന്ന് വെള്ളം ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് ഭൂഗര്‍ഭജല ബോര്‍ഡ് നടത്തിയ പഠനം പറയുന്നു. വര്‍ഷന്തോറും ഭൂഗര്‍ഭജല ഉപയോഗം കൂടിവരുകയും ലഭ്യത കുത്തനെ കുറയുകയും ചെയ്യുന്നതായി പഠനത്തില്‍ തെളിഞ്ഞു.കാടുകള്‍ ഇല്ലാതായതും കുളം, തടാകം, കിണര്‍ എന്നിവിടങ്ങളിലെ മഴവെള്ളശേഖരം കുറഞ്ഞതുമാണ് ഭൂഗര്‍ഭജലത്തിന്‍െറ അളവ് കുറയാനിടയാക്കിയത്. നഗരപ്രദേശങ്ങളിലെ ജനങ്ങളില്‍ 85 ശതമാനവും ഗ്രാമങ്ങളിലെ 50 ശതമാനവും ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തെയാണ്. ഇതാണ് രാജ്യത്തെ വരള്‍ച്ചയിലേക്ക് തള്ളിവിടുന്നത്.അതിനിടെ, സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിലെ ലാത്തൂരിനും പര്‍ഭാനി ജില്ലക്കും പുറമെ സമീപത്തെ കുകാടി കനാല്‍പദ്ധതി ഉള്‍പ്പെടുന്ന അഹമ്മദ്നഗര്‍ ജില്ലയിലും നിരോധാജ്ഞ പ്രഖ്യാപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.