കോന്നി പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപോർട്ട്

കൊച്ചി: കോന്നിയിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ മരണം ആത്മഹത്യ തന്നെയെന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ട്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോന്നി സ്വദേശികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യാ സുരേഷ് എന്നിവരെ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് കാണാതായത്. അടുത്തദിവസം പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.  ആതിര, രാജി എന്നിവര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ആര്യാ സുരേഷ് പിന്നീട് ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

പ്ലസ്ടുവിന് മാർക്ക് കുറയുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ മൂവർക്കും ആശങ്കയുണ്ടായിരുന്നു. പത്താം ക്ലാസിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ പിറകോട്ട് പോയി. നിരാശയും സാമ്പത്തിക സുരക്ഷിത ബോധമില്ലായ്മയും മാനസികമായി അലട്ടിയിരുന്നതായി കുട്ടികളുടെ ഡയറികുറിപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്. വിഷാദ മാനസികാവസ്ഥിലായ ഇവർ പലതവണ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയിരുന്നു. പരസ്പരം കൈമാറിയ സന്ദേശങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് നൽകിയ റിപ്പോട്ടിൽ പറയുന്നു. മരണത്തിന് കീഴടങ്ങിയ ആതിര മാത്രമാണ് പ്ലസ് വൺ ഫലം പുറത്തു വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും ജയിച്ചത്

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യാ സുരേഷിന് ഇംഗ്ലീഷിനും മലയാളത്തിനും മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. എസ്.രാജി ഫിസിക്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ വിജയിച്ചു. റിസല്‍ട്ട് വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. ആര്യാ സുരേഷ് പേരാമ്പ്ര സ്വദേശിയുമായി പ്രണയത്തിലായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ വഴി മാത്രമാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്നും സംഘം കണ്ടെത്തി. ഇവര്‍ പരസ്പരം കണ്ടിരുന്നില്ല. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലും പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നും കേസില്‍ മറ്റു അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അടൂര്‍ ഡി.വൈ.എസ്പി റഫീക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.