നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍; കുടിശ്ശിക 313 കോടി

കോട്ടയം: നെല്‍കര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വഞ്ചിച്ചു. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ മുഖേന കര്‍ഷകരില്‍നിന്ന് ന്യായവില നല്‍കി സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക 313 കോടി ഇനിയും നല്‍കാത്തതാണ് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയത്. വിഷുക്കൈനീട്ടമായി മുഴുവന്‍ തുകയും ഏപ്രില്‍ 12നകം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
മുഖ്യമന്ത്രിയും കൃഷി-സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രിമാരും ഇതാവര്‍ത്തിക്കുകയും കര്‍ഷക സംഘടനകള്‍ക്ക് നേരിട്ട് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷു കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളിലും ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചതുമില്ല.
ഇതിനിടെ ഭക്ഷ്യമന്ത്രിയെ കണ്ട കര്‍ഷകര്‍ക്ക് തുക ഉടന്‍ അനുവദിക്കുമെന്ന് വീണ്ടും ഉറപ്പുനല്‍കിയെങ്കിലും മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി മാറി. ധനവകുപ്പ് തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വകുപ്പ് മന്ത്രി പറയുന്നുണ്ടെങ്കിലും ധനവകുപ്പിന്‍െറ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തിട്ടും പണം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍നിന്ന് ഉണ്ടാകാത്തതിലും കര്‍ഷകര്‍ അമര്‍ഷരാണ്. നെല്ല് നല്‍കിയ വകയില്‍ കിട്ടാനുള്ള തുക കൃത്യമായി ലഭിക്കാത്തതിനാല്‍ തുടര്‍ കൃഷിക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
സപൈ്ളകോ എല്ലാ വര്‍ഷവും കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുമെങ്കിലും തുക കൃത്യമായി നല്‍കാറില്ല. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമാണ്. സപൈ്ളകോക്ക് അനുവദിക്കുന്ന വിഹിതം വകമാറ്റി ചെലവഴിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നെല്ല് സംഭരിച്ചിട്ട് മാസങ്ങളായിട്ടും കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഈമാസം 30നകം തുക അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആലപ്പുഴയില്‍ 88 കോടിയും കോട്ടയത്ത് 36 കോടിയും തൃശൂരില്‍ 44കോടിയുമാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.