അഴിമതിവിരുദ്ധ പോരാട്ടത്തിന് കൂട്ടായ്മയുമായി ഡി.ജി.പി ജേക്കബ് തോമസ്

കൊച്ചി: അഴിമതിക്കെതിരെ പൊരുതാന്‍ ഡി.ജി.പി ജേക്കബ് തോമസ് പുതിയ കൂട്ടായ്മയുണ്ടാക്കുന്നു. അഴിമതിക്കെതിരെ നിലപാടെടുത്ത് സര്‍ക്കാറിന്‍െറ കണ്ണിലെ കരടായി മാറിയ ജേക്കബ് തോമസ്,  ‘എക്സല്‍ കേരള’ എന്ന പേരിലാണ് പ്രത്യേക കൂട്ടായ്മ രൂപവത്കരിച്ചത്. അഴിമതിമുക്ത സമൂഹം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യയോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടന്നു.
നടന്‍ ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, സാഹിത്യകാരന്മാരായ പ്രഫ. എം.കെ. സാനു, അശോകന്‍ ചരുവില്‍, വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്. സാഹിത്യകാരന്മാരായ എം. മുകുന്ദന്‍, സക്കറിയ എന്നിവര്‍ പിന്തുണ അറിയിക്കുകയും ചെയ്തു. അഴിമതിക്കെതിരെ പൊരുതാന്‍ രാഷ്ട്രീയേതര സാംസ്കാരിക കൂട്ടായ്മ ആരംഭിക്കുകയാണ് ലക്ഷ്യം. പ്രസിഡന്‍റ്, സെക്രട്ടറി പോലുള്ള സംഘടനാ സംവിധാനങ്ങള്‍ ഇതിനുണ്ടാകില്ല.
 വേദിയുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കാന്‍ സ്ക്രീനിങ് കമ്മിറ്റിയുണ്ടാകും. അഭിഭാഷകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സിനിമ രംഗത്തും സാഹിത്യ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ളവരെ സഹകരിപ്പിച്ച് അഴിമതിക്കെതിരെ പൊതുവികാരം ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യം.
കൂട്ടായ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ www.excelkerala.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ആദ്യഘട്ടമായി ആരോഗ്യരംഗത്തെ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്നാണ് പ്രഥമ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.
ആലോചനാ യോഗത്തിലേക്ക് വിവിധ തുറകളിലുള്ളവരെ ജേക്കബ് തോമസ് തന്നെ നേരില്‍ ക്ഷണിക്കുകയായിരുന്നു. താന്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍െറ ഭാഗമാണെങ്കിലും അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് സര്‍വിസ് ചട്ടങ്ങളുടെ ലംഘനമാകില്ളെന്ന നിലപാടിലാണ് അദ്ദേഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.