നഴ്സുമാരുടെ സമരം 60ാം ദിവസത്തിലേക്ക്

ഉള്ള്യേരി: വെന്തുരുകുന്ന വേനല്‍ച്ചൂടില്‍ അകവും പുറവും പൊള്ളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് നഴ്സുമാര്‍ നടത്തുന്ന സമരം 60ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും തികഞ്ഞ നിസ്സംഗതയില്‍. ഇച്ഛാശക്തിയുണ്ടെങ്കില്‍ രണ്ടു മണിക്കൂര്‍കൊണ്ട് പരിഹരിക്കാവുന്ന വിഷയത്തിലാണ് കഴിഞ്ഞ 60 ദിവസമായി 140ഓളം നഴ്സുമാര്‍ ആശുപത്രിക്കു മുന്നില്‍ പന്തല്‍കെട്ടി സമരം ചെയ്യുന്നത്. ആശുപത്രി കാന്‍റീനില്‍നിന്ന് കുടിവെള്ളംപോലും നിഷേധിച്ച സാഹചര്യത്തില്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍നിന്നാണ് ചോറും കഞ്ഞിയും അടക്കമുള്ളവ എത്തിക്കുന്നത്. അനിശ്ചിതകാല നിരാഹാരം തുടങ്ങിയതോടെ രാവും പകലും ഇവര്‍ സമരപ്പന്തലില്‍തന്നെയാണ്. പ്രാഥമിക സൗകര്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്ന നഴ്സുമാരുടെ വിഷയത്തില്‍ ഗൗരവമായ ഇടപെടലുകള്‍ ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും നേതാക്കളുടെ സന്ദര്‍ശനങ്ങളും മുറപോലെ നടന്നുവെങ്കിലും സമരം എപ്പോള്‍, എങ്ങനെ തീരും എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. യൂനിഫോം ധരിക്കാത്തതിന്‍െറ പേരില്‍ മൂന്നു നഴ്സുമാരെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയത് അന്വേഷിക്കാന്‍ ചെന്ന യു.എന്‍.എ യൂനിറ്റ് പ്രസിഡന്‍റ് ശ്രീമേഷ്കുമാറും സൂപ്രണ്ടും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഭവങ്ങളുടെ തുടക്കം. അപമര്യാദയായി പെരുമാറിയെന്നും വധഭീഷണി മുഴക്കി എന്നും ആരോപിച്ച് ശ്രീമേഷ്കുമാറിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഒന്നടങ്കം സമരത്തിനിറങ്ങുകയായിരുന്നു. നേരത്തേ മാനേജ്മെന്‍റും നഴ്സസ് യൂനിയനും തമ്മില്‍ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത് സമരത്തിന് ആക്കം കൂട്ടുകയും ചെയ്തു. ഇരു വിഭാഗവും ഉണ്ടാക്കിയ ധാരണ മാനേജ്മെന്‍റ് ലംഘിച്ചതാണ് യൂനിഫോം ധരിക്കാതിരിക്കാന്‍ കാരണമെന്ന് യു.എന്‍.എ ചൂണ്ടിക്കാട്ടി. അതേസമയം, അവശ്യസര്‍വിസ് മേഖലയില്‍ മിന്നല്‍പണിമുടക്ക് നടത്തി മാനേജ്മെന്‍റിനെ സമ്മര്‍ദത്തിലാക്കാനും ആശുപത്രിയെ തകര്‍ക്കാനുമുള്ള നീക്കമാണ് സസ്പെന്‍ഷനില്‍ എത്തിച്ചതെന്ന് ആശുപത്രി എം.ഡി പറഞ്ഞു. സസ്പെന്‍ഷന്‍ നിരുപാധികം പിന്‍വലിക്കാന്‍ കഴിയില്ളെന്നും മാനേജ്മെന്‍റ് പറയുന്നു. ജില്ലാ ലേബര്‍ ഓഫിസര്‍, സബ്കലക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചെങ്കിലും ധാരണയില്‍ എത്താന്‍ കഴിഞ്ഞില്ല. ചര്‍ച്ച പരാജയപ്പെട്ടതിന് ഇരുവിഭാഗവും പരസ്പരം പഴിചാരുമ്പോള്‍ ചര്‍ച്ചക്ക് മുന്‍കൈ എടുത്തവര്‍ക്ക് പ്രശ്നപരിഹാരത്തിനു കഴിഞ്ഞതുമില്ല. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി എന്നിവരുടെ ഇടപെടലുകളും ഫലംകണ്ടില്ല. ഹൈകോടതി മീഡിയേഷനും ലക്ഷ്യംകണ്ടില്ല. അതേസമയം, ചില മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ വിഷയത്തില്‍ ഇരട്ടത്താപ്പുനയം സ്വീകരിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരേ സമയം ഇരുവിഭാഗത്തെയും പ്രീതിപ്പെടുത്തിക്കൊണ്ടുള്ള നയവും ചിലര്‍ സ്വീകരിക്കുന്നുണ്ട്. കുടുംബത്തിന്‍െറ ഏക ആശ്രയമായ നഴ്സുമാരാണ് സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും. വിദ്യാഭ്യാസ വായ്പപോലും അടച്ചുതീരാത്തവരും നിരവധിയുണ്ട്. കഴിഞ്ഞ വിഷുനാളില്‍ ഇവര്‍ കുടുംബസമേതം ആശുപത്രിക്കുമുന്നില്‍ ഉപവാസത്തിലായിരുന്നു. ഹോസ്റ്റല്‍ ഒഴിപ്പിക്കല്‍, സമരപ്പന്തലില്‍ മെറ്റലും മണലും ഇറക്കല്‍, ബോര്‍ഡുകള്‍ നശിപ്പിക്കല്‍, സമരസമിതി നേതാവിന്‍െറ കാറിനുനേരെ ആക്രമണം, എം.ഡിയുടെ വീട്ടിലേക്കു മാര്‍ച്ച് അടക്കം നിരവധി സംഭവങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്ത യൂനിയന്‍ നേതാവിനെ ആശുപത്രിയുടെ കൊയിലാണ്ടി ഉപസെന്‍ററിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് ഒടുവില്‍ നടക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, ഇത് അംഗീകരിക്കുന്ന കാര്യത്തില്‍ യു.എന്‍.എയുടെ തീരുമാനം ഉണ്ടായിട്ടില്ല. ഏതായാലും ദുരിതക്കടല്‍ നീന്തിയുള്ള നഴ്സുമാരുടെ സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാകാന്‍ സര്‍ക്കാര്‍തലത്തില്‍തന്നെ നടപടികളുണ്ടാകേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.