ബാർ ലൈസൻസുകൾക്ക് കർശന നിയന്ത്രണം; യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: മദ്യനയത്തിൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന വാഗ്ദാനവുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ഘട്ടംഘട്ടമായി 10 വർഷം കൊണ്ട് കേരളം സമ്പൂർണ മദ്യവിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. പഞ്ചനക്ഷത്ര ബാറുകൾക്ക് ലൈസൻസ് നൽകുന്നത് കർശന വ്യവസ്ഥകൾക്ക് വിധേയമാക്കും.  ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾ പദവി ഉയർത്തി ഫൈവ് സ്റ്റാർ ആക്കിയാലും ലൈസൻസ് നൽകില്ല. ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ കേന്ദ്രം നൽകിയാലും ചില വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തും. ഈ സർക്കാർ ഇനി ബാറുകൾക്ക് ലൈസൻസ് നൽകില്ലെന്നും പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ മദ്യനയം കുറ്റമറ്റതായിരിക്കണമെന്ന് യു.ഡി.എഫിന് നിര്‍ബന്ധമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. നേരത്തെ നിശ്ചയിച്ച മദ്യനയത്തിന്‍റെ ഭാഗമായാണ് അനുമതി നല്‍കിയത്. മദ്യ നയത്തില്‍ മുന്നോട്ട് വെച്ച കാല്‍ പുറകോട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഭവന രഹിതർക്ക് അഞ്ച് വർഷം കൊണ്ട് വീട് വെച്ചു നൽകും. എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, ആരോഗ്യം, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവയും പത്രികയിലെ വാഗ്ദാനങ്ങളാണ്. തമിഴ്നാട്ടിലെ ‘അമ്മ മീൽസി’ന്‍റെ ചുവടുപിടിച്ച് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ വിലക്ക് ഉച്ചഭക്ഷണപദ്ധതി ഏർപ്പാടാക്കും. കുടംബശ്രീ പോലെയുള്ള സംഘടനകളുടെ സഹായം ഇതിനായി തേടും.

കർഷകർക്ക് ആശ്വാസം നൽകാൻ കൃഷിനിധി പദ്ധതി നടപ്പാക്കും. കാർഷിക വായ്പക്ക് പലിശ ഇളവ് നൽകും. സ്ത്രീ സുരക്ഷക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. സർക്കാർ സർവീസിലെ അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കും. സ്റ്റാർട്ടപ് സംരംഭങ്ങൾ വിപുലീകരിക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തും. ഓപറേഷൻ കുബേര ശക്തമാക്കും. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുന്ന പദ്ധതി കൃഷിമേഖലയിൽ അഞ്ചുവർഷം കൊണ്ടു നടപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

യാചകർക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കും പഞ്ചായത്തുകൾ മുഖേന ഒരു നേരത്തെ സൗജന്യഭക്ഷണം നൽകും. മലപ്പുറത്തും കോട്ടയത്തും നടപ്പാക്കിയ 'വിശപ്പിനോടു വിട' പദ്ധതിയുടെ ചുവടുപിടിച്ചായിരിക്കും ഇത് നടപ്പാക്കുക. പഞ്ചായത്തുകളിൽ നിന്നാണ് ഇതിനുള്ള കൂപ്പണുകൾ ലഭ്യമാക്കുക. ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ഏർപ്പെടുത്തും. വിവിധ ഇൻഷുറൻസ് കമ്പനികളും സ്ഥാപനങ്ങളും ചേർന്നുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി സർക്കാരും കൈകോർക്കും. വിദേശരാജ്യങ്ങളിലെ ഇൻഷൂറൻസ് പദ്ധതികളുടെ മാതൃക പിന്തുടർന്നായിരിക്കും ഇത് നടപ്പിലാക്കുകയെന്നും പത്രികയിൽ പറയുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എം.എം. ഹസൻ കൺവീനറും  കെ.പി.എ. മജീദ്, ജോയി ഏബ്രഹാം, വർഗീസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, സി.പി.ജോൺ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് പ്രകടന പത്രികക്ക് അന്തിമരൂപം നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.