കുന്നംകുളത്ത് സംഘര്‍ഷം; പൊലീസ് ലാത്തി വീശി

പഴഞ്ഞി: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആഘോഷ വരവ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സമയത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. രണ്ട്  തവണയായി നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാട്ടകാമ്പാല്‍ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഘട്ടനവും ലാത്തിച്ചാര്‍ജും. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്്. കാളിദാരിക വധത്തോടനുബന്ധിച്ച് പ്രശസ്തമായ കാട്ടകാമ്പാല്‍ ഉത്സവത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ലാത്തിച്ചാര്‍ജിന് കാരണമായത്.

ക്ഷേത്ര കമ്മിറ്റി നിര്‍ദേശിച്ച പ്രകാരം പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷം ക്ഷേത്രത്തിലത്തെിയ ഗജവീരന്‍മാരുടെ നേതൃത്വത്തിലുള്ള പൂരാഘോഷം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരുന്നതാണ് തര്‍ക്കത്തിനിടയാക്കിയത്. ആഘോഷ കമ്മിറ്റി പ്രവര്‍ത്തകരും ക്ഷേത്ര കമ്മിറ്റിക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തിലത്തെിയതോടെ കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തി വീശുകയായിരുന്നു. ഇതോടെ നൂറുകണക്കിന് ജനങ്ങള്‍ ചിതറിയോടി. ഓട്ടത്തിനിടയില്‍ പൊലീസിന്‍റെ മര്‍ദനത്തില്‍ പലര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് രാവിലെ 10 ഓടെ ക്ഷേത്ര കമ്മിറ്റിക്കാരുമായി ആഘോഷ കമ്മിറ്റി പ്രവര്‍ത്തകര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചക്കിടെ വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും സംഘര്‍ഷമുണ്ടാവുമെന്ന് കരുതി പൊലീസ് വീണ്ടും ലാത്തി വീശുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ചിറക്കല്‍, കാട്ടകാമ്പാല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.