മരണം മുന്നില്‍ കണ്ട രഞ്ജിത്ത് തിരികെ നടന്നു; ജീവിതത്തിലേക്ക്

തൊടുപുഴ: അപൂര്‍വരോഗം ബാധിച്ച് ശരീരം തളര്‍ന്ന് മരണം മാത്രം മുന്നില്‍ കണ്ട് കഴിഞ്ഞ യുവാവ് ആയുര്‍വേദത്തിലൂടെ ജീവിതത്തിലേക്ക് തിരികെ നടക്കുന്നു. ആദ്യം ശരീര തളര്‍ച്ചയും പിന്നാലെ കോമയും ഒടുവില്‍ മരണവും എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗത്തെയാണ് ആയുര്‍വേദ ചികിത്സയിലൂടെ അതിജീവിച്ചത്. കുരുതിക്കളം പെരുമ്പിള്ളിക്കാട്ടില്‍ രഞ്ജിത്താണ് (33) തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയിലൂടെ അതിജീവനം നേടിയത്. ആയുര്‍വേദവും അലോപ്പതിയും ഫിസിയോതെറപ്പിയും സംയോജിച്ചുള്ള ചികിത്സാരീതിയാണ് രഞ്ജിത്തിന് തുണയായത്. ലോറി ഡ്രൈവറായ രഞ്ജിത്തിന് 2014 മേയിലാണ് ഗില്ലന്‍ ബാരിസ് സിന്‍ഡ്രം എ വൈറസ് രോഗം ബാധിച്ചത്.

ഡ്രൈവിങ്ങിനിടെ തളര്‍ച്ച തോന്നുകയും നാലുമണിക്കൂറിനുള്ളില്‍ ശരീരം പൂര്‍ണമായും തളരുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വൈറസ് രോഗം കണ്ടത്തെിയത്. ശരീരത്തിലെ രോഗപ്രതിരോധശേഷിയെ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുന്ന വൈറസ് ഞരമ്പുവ്യൂഹത്തെ ബാധിച്ച് തലച്ചോറിലേക്കുള്ള സിഗ്നല്‍ ബന്ധത്തെ തകര്‍ത്തു. ആദ്യം കൈകാലുകളെയും പിന്നീട് ശ്വാസകോശത്തെയും ബാധിക്കുന്ന വൈറസ് ഒടുവില്‍ രോഗിയെ കോമ ഘട്ടത്തിലേക്കും പിന്നീട് മരണത്തിലേക്കും തള്ളിവിടും. കോമയിലേക്ക് എത്തും മുമ്പ് വൈറസ് കണ്ടത്തെിയതാണ് രഞ്ജിത്തിന് തുണയായത്.

രോഗം കണ്ടത്തെിയാല്‍ ചികിത്സാമാര്‍ഗം ഉണ്ടെങ്കിലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് എങ്ങനെയെന്ന് വൈദ്യശാസ്ത്രത്തില്‍ ഇതുവരെ അറിഞ്ഞുകൂടാ.  
ഗില്ലന്‍ ബാരിസ് സിന്‍ഡ്രത്തില്‍ പലരീതിയിലെ വൈറസുകള്‍ ഉണ്ടെങ്കിലും രഞ്ജിത്തിനെ ബാധിച്ചത് ഗുരുതരമായതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസിനെ ശരീരത്തില്‍നിന്ന് കളഞ്ഞാലും തളര്‍ന്ന ശരീരം പൂര്‍വ സ്ഥിതിയിലാകാന്‍ സാധ്യത വിരളമാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സക്ക് ഭീമമായ തുകയും വേണം. ഫിസിയോതെറപ്പി ഉള്‍പ്പെടെയുള്ള വ്യായാമ മുറകളിലൂടെ വര്‍ഷങ്ങള്‍കൊണ്ട് ശരീരം പൂര്‍വസ്ഥിതിയിലാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതേതുടര്‍ന്നാണ് പഞ്ചകര്‍മയും ഫിസിയോതെറപ്പിയും ഇടകലര്‍ത്തി ചികിത്സ ആരംഭിച്ചത്. തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ മെഡിക്കല്‍ ഓഫിസര്‍ ഡോ. സതീഷ് വാര്യര്‍ ആത്മവിശ്വാസത്തോടെ ചികിത്സ ഏറ്റെടുത്തു. 80 ശതമാനത്തോളം പൂര്‍വസ്ഥിതിയിലായ രഞ്ജിത്ത് ആറു മാസത്തിനകം പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് ഡോക്ടറുടെ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.