ചികുന്‍ഗുനിയക്കും ഡെങ്കിപ്പനിക്കും സമാനമായ പകര്‍ച്ചപ്പനിക്ക് കാരണം നിശാശലഭമെന്ന് കണ്ടെത്തല്‍

കോഴിക്കോട്: കേരളത്തില്‍ മഴക്കാലത്തുണ്ടാകുന്ന ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവക്കു സമാനമായ പകര്‍ച്ചപ്പനികള്‍ക്ക്  കാരണം ‘ടൈഗര്‍ മോത്ത്’ എന്നറിയപ്പെടുന്ന നിശാശലഭങ്ങളാണെന്ന് പുതിയ കണ്ടത്തെല്‍. മിംസ് റിസര്‍ച് ഫൗണ്ടേഷനിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. പി.ജെ. വില്‍സിന്‍െറ നേതൃത്വത്തിലുള്ള ഒമ്പതംഗസംഘം നടത്തിയ ഗവേഷണമാണ് ഇതു കണ്ടത്തെിയത്. അസോട്ട കാരികേ (Asota caricae) എന്നറിയപ്പെടുന്ന നിശാശലഭങ്ങള്‍ മൂലമുണ്ടാകുന്ന ‘ലെപ്പിഡോപ്ടെറിസമെന്ന’ രോഗമാണ് ചികുന്‍ഗുനിയയും ഡെങ്കിപ്പനിയുമായി പലപ്പോഴും തെറ്റിദ്ധരിച്ചതെന്ന് ഗവേഷകര്‍ പറഞ്ഞു. ഗവേഷണഫലങ്ങള്‍ പബ്ളിക് ലൈബ്രറി സയന്‍സ് (പ്ളോസ്) പ്രസിദ്ധീകരിക്കുന്ന പ്ളോസ് വണ്‍ എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ചു.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ടൈഗര്‍ നിശാശലഭം മൂലമുള്ള ഗുരുതരമായ ലെപ്പിഡോപ്ടെറിസം കൂടുതലായി കാണപ്പെടുന്നത്.

ചിറകുകളില്‍ കടുവയുടേതുപോലെ മഞ്ഞയും കറുപ്പും രൂപങ്ങളുള്ള ടൈഗര്‍ നിശാശലഭം ഏഷ്യ മുതല്‍ പസഫിക് ദ്വീപുകള്‍ വരെ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇവ കൊഴിച്ചുകളയുന്ന ശല്‍ക്കങ്ങളും സ്രവങ്ങളും മനുഷ്യരുടെ ചര്‍മത്തിലേല്‍ക്കുകയോ ശ്വസിക്കുകയോ ചെയ്താല്‍ തൊലിപ്പുറം മുഴുവന്‍ ചൊറിഞ്ഞുതടിക്കും. അതോടൊപ്പം സങ്കീര്‍ണമായ രോഗാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.

പനിയുള്ളവരില്‍ നടത്തിയ പരിശോധനകളില്‍ ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവക്ക് നെഗറ്റിവ് ഫലം ലഭിക്കുമ്പോള്‍ ടൈഗര്‍ മോത്ത് ഐ.ജി.ഇ അലേര്‍ജന്‍ ടെസ്റ്റില്‍ ഇവ പോസിറ്റിവായി കാണുന്നതായി ഡോ. പി.ജെ. വില്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൈഗര്‍ നിശാശലഭത്തിന്‍െറ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി കാണുകയാണെങ്കില്‍ സാധാരണ പരിശോധനകള്‍ക്കൊപ്പം ‘മോത്ത് ഐ.ജി.ഇ അലേര്‍ജന്‍’ പരിശോധനയും നിര്‍ബന്ധമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പനിയും വിറയലും, തലവേദന, ഛര്‍ദ്ദി, അതിസാരം, സന്ധിവേദന, ചുവന്ന തടിപ്പ്, പ്ളേറ്റ്ലെറ്റ് കുറയുക, ശ്വാസകോശ പ്രശ്നങ്ങള്‍, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവൈകല്യം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ശരിയായ രോഗനിര്‍ണയത്തിനും ശരിയായ ചികിത്സക്കും വഴിതെളിക്കാന്‍ പുതിയ ഗവേഷണകണ്ടത്തെലുകള്‍ സഹായിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു.

അത്തിവര്‍ഗത്തില്‍പെട്ട പേരകം (തേരകം, പാറകം, തൊണ്ടി) എന്ന പാഴ്മരത്തില്‍ മുട്ടയിട്ട് അതിന്‍െറ ഇലകള്‍ ഭക്ഷണമാക്കിയാണ ്ടൈഗര്‍ നിശാശലഭത്തിന്‍െറ ലാര്‍വകള്‍ പെരുകുന്നത്. ഇത്തരം മരങ്ങള്‍ പ്രദേശത്തുനിന്ന് ഒഴിവാക്കിയാല്‍ നിശാശലഭങ്ങളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.
 2008 മുതലാണ് ഡോ. പി.ജെ. വില്‍സിന്‍െറ നേതൃത്വത്തില്‍ ഗവേഷണമാരംഭിച്ചത്. പുതിയ കണ്ടത്തെലിനെക്കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിക്കുമെന്നും ചികിത്സയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും ഗവേഷകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മിംസ് റിസര്‍ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയ വര്‍മ, ആസ്റ്റര്‍ മിംസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. രാഹുല്‍ ആര്‍. മേനോന്‍ തുടങ്ങിയവരും സംബന്ധിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.