ശബരിമലയിൽ വെടിവഴിപാട് തുടരാമെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിലെ വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവിന് ഹൈകോടതി സ്റ്റേ. വെടിമരുന്ന് സൂക്ഷിക്കുന്ന പുരയുടെ പ്രവര്‍ത്തനം സുരക്ഷിതമല്ലാത്ത പശ്ചാത്തലത്തിലാണെന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി നേര്‍ച്ച വെടിവഴിപാട് നിരോധിച്ച നടപടിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. എബ്രഹാം മാത്യു, ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി കഴിഞ്ഞതായും വെടിമരുന്ന് പുരയുടെ അവസ്ഥ ഒട്ടും സുരക്ഷിതമല്ളെന്നും വ്യക്തമാക്കി ജില്ലാ പൊലീസ് സൂപ്രണ്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെടിമരുന്ന് പുരയുടെ ചുറ്റു വശത്തും പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്. ഏത് സമയത്തും അപകടമുണ്ടാകാവുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍, ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വെടിവഴിപാട് പാടില്ളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏപ്രില്‍ 12ന് കലക്ടറുടെ ഉത്തരവ്. ഈ ഉത്തരവ് വസ്തുതാ വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. വെടിമരുന്ന് പുരയുടെ അനുമതി കാലാവധി പുതുക്കാനായി കലക്ടര്‍ മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. സ്ഫോടക വസ്തുചട്ടം പ്രകാരം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തീരുമാനമാവുംവരെ ലൈസന്‍സ് ഉള്ളതായി കണക്കാക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനാല്‍, ദേവസ്വത്തിന് ലൈസന്‍സുണ്ടെന്ന് കരുതേണ്ടി വരുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമപരമായാണ് കലക്ടര്‍ നിരോധ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാറിന്‍െറ വാദം. തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവിട്ട കോടതി കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഹരജി വീണ്ടും പിന്നീട് പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.