കോളജ് നിയമനം: വെള്ളാപ്പള്ളി നാലു വര്‍ഷത്തിനിടെ 100 കോടി കോഴ വാങ്ങിയെന്ന് വി.എസ്

ആലപ്പുഴ: കോഴ വാങ്ങി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരാതിരിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ മോദിയെയും അമിത് ഷായെയും കൂട്ടുപിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ശ്രീനാരായണ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് നാല് വര്‍ഷത്തിനിടെ വെള്ളാപ്പള്ളി 100 കോടി രൂപയെങ്കിലും കോഴ വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

കണിച്ചുകുളങ്ങരയില്‍ സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. രണ്ട് പതിറ്റാണ്ടായി എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ട്രസ്റ്റിന്‍െറയും നേതൃസ്ഥാനത്ത് തുടരുന്ന വെള്ളാപ്പള്ളിയുടെ കാലയളവില്‍ കോളജുകളില്‍ രണ്ടായിരത്തി ഇരുനൂറിലധികം അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടന്നു. കഴിഞ്ഞ നാല് വര്‍ഷം മാത്രം 302 നിയമനങ്ങളാണ് നടന്നത്. 25 മുതല്‍ 40 ലക്ഷം വരെയാണ് ഓരോ നിയമനത്തിനും വാങ്ങിയത്.

സ്കൂളുകളിലെ നിയമനത്തിലും വിദ്യാര്‍ഥി പ്രവേശത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇങ്ങനെ വാങ്ങിയ കോഴക്ക് കണക്കുണ്ടോ എന്നും ഇത് യോഗത്തിന്‍െറയും എസ്.എന്‍. ട്രസ്റ്റിന്‍െറയും വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടോ എന്നും  വി.എസ് ചോദിച്ചു. കൈപ്പറ്റിയ പണം എന്തുചെയ്തെന്ന് വെള്ളാപ്പള്ളി പരസ്യമായി പറയണം. ഈഴവര്‍ക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്ന് പറയുന്ന വെള്ളാപ്പള്ളി ഈഴവരില്‍ ആര്‍ക്കെങ്കിലും കോഴ വാങ്ങാതെ നിയമനം നല്‍കിയിട്ടുണ്ടോ എന്നും വി.എസ് ചോദിച്ചു. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍െറ വീടിന് സമീപത്തായിരുന്നു പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.