സെക്രട്ടേറിയേറ്റിന് മുന്നില്‍ ആത്മഹത്യ ഭീഷണിമുഴക്കി ചെങ്ങറ സമരക്കാര്‍

തിരുവനന്തപുരം: ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മാഹുതിക്കൊരുങ്ങി. ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന്‍ പാറ്റൂര്‍, പ്രവര്‍ത്തകരായ പ്രകാശ്, കേശവന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിനു മുന്നിലെ വേപ്പ് മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ 10.30 ഓടെ ഇവര്‍ മരത്തിനു മുകളില്‍ കയറി സമരം തുടങ്ങി. ചെങ്ങറ സമരം 761 ദിവസം പിന്നിട്ടിട്ടും ഭൂമി അനുവദിക്കാത്തതിലായിരുന്നു പ്രതിഷേധം.

ളാഹ ഗോപാലന്‍െറ നേതൃത്വത്തില്‍ ചെങ്ങറയില്‍ കുടില്‍കെട്ടി സമരം നടക്കുന്നതിനിടെ മണ്ണെണ്ണ കാനുകളുമായി മരത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളാണ് സുഗതനെന്ന് താഴെ സമരപ്പന്തലിലുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചു. ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. താഴെയിറങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഇതോടെ, മരത്തില്‍ കയറിയവരുടെ ജീവന്‍ രക്ഷിക്കുന്നതിന് താഴെ എയര്‍ കുഷന്‍ സംവിധാനം നിരത്തി.11.40 ഓടെ കലക്ടറത്തെി.

മരത്തില്‍ കയറിയവരെ അനുനയിപ്പിച്ച കലക്ടര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീര്‍പ്പുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് കലക്ടറുടെ മൊബൈല്‍ വഴിയുള്ള അഭ്യര്‍ഥന അംഗീകരിച്ച് മൂന്നുപേരും താഴെയിറങ്ങി. പിന്നീട് കലക്ടറും സമരക്കാരും പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തി. സെക്രട്ടറിയേറ്റിനുമുന്നില്‍ വീണ്ടും സമരത്തിനത്തെിയ 51 കുടുംബങ്ങള്‍ക്കും പാക്കേജ് അനുസരിച്ച് 50 സെന്‍റ് ഭൂമി നല്‍കണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചു. മൂക്കുന്നിമലയില്‍ നിലവില്‍ 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെയുള്ള  ഒന്നര ഏക്കര്‍ ഭൂമിയില്‍ 10 സെന്‍റ് വീതം നല്‍കാമെന്ന കലക്ടറുടെ നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചില്ല.

ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഭൂമി കണ്ടത്തെുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും  മൂന്നു ദിവസത്തിനകം വാസയോഗ്യമായ ഭൂമി കണ്ടത്തെുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പട്ടികജാതി വകുപ്പിന്‍െറ കൈവശമുള്ള വേങ്ങോട് ഭൂമിയും പരിഗണനയിലുണ്ട്. സമരം നടത്തിയവര്‍ക്ക് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ പന്തളം ശശിയും റസാക്ക് പാലേരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉറപ്പ് പാലിച്ചില്ളെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മാഹുതി നടത്തുമെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.