റീഡിങ് എടുക്കാനായില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡ് പിഴ

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുപ്രാവശ്യം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാതെവന്നാല്‍ ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനം. വീടും മറ്റ് സ്ഥാപനങ്ങളും പൂട്ടിയിടുന്നതടക്കമുള്ള കാരണങ്ങള്‍കൊണ്ട് മീറ്റര്‍ പരിശോധിക്കാന്‍ കഴിയാതെവന്നാലാണ് പിഴ. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലായി. എല്‍.ടി സിംഗ്ള്‍ ഫേസ് ^250, എല്‍.ടി ത്രീ ഫേസ് ^500, ഹൈടെന്‍ഷന്‍ ^5000, എക്സ്ട്രാ ഹൈടെന്‍ഷന്‍ (ഇ.എച്ച്.ടി) 10,000 രൂപ എന്നിങ്ങനെയാണ് പിഴ. റീഡിങ് എടുക്കാന്‍ അനുവദിക്കാതിരിക്കാതിരിക്കുന്നവരും മോശമായി പെരുമാറുന്നവരുമായ ഉപഭോക്താക്കളുമുണ്ട്. 2014 സപൈ്ളകോഡിലെ 111ാം ചട്ടപ്രകാരം പിഴ ചുമത്താന്‍ റെഗുലേറ്ററി കമീഷനും അനുമതി നല്‍കിയിട്ടുമുണ്ട്.

അതേസമയം, ഉത്തരവ് നടപ്പാക്കുന്നതിലെ  പ്രായോഗികത ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. റീഡിങ് രേഖപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വരുന്ന സമയം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം നിലവിലില്ല. അത് ഏര്‍പ്പെടുത്താതെ ഉപഭോക്താവ് ഗേറ്റ് പൂട്ടുന്നതിന്‍െറ പേരില്‍ കനത്ത പിഴ എങ്ങനെ ഈടാക്കുമെന്നതാണ് ഒരു ചോദ്യം. വീട്ടുടമസ്ഥര്‍ ഇരുവരും ഉദ്യോഗസ്ഥരാണെങ്കില്‍ ഗേറ്റ് പൂട്ടിപ്പോവുക സാധാരണമാണ്. അതിനുപുറമെ, ഉദ്യോഗസ്ഥര്‍ അവസരം ദുരുപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വൈദ്യുതി കണക്ഷനുള്ള അപേക്ഷ അടക്കം 17 ഇനങ്ങളിലെ ഫീസും പിഴകളും പുതുക്കിയിട്ടുണ്ട്. പലതിലും നിലവിലെ നിരക്കുകള്‍ പരിഷ്കരിച്ചു. മീറ്റര്‍ വാടക കുറക്കാനുള്ള നിര്‍ദേശവും നടപ്പാക്കി. വീടുകളുടെ സിംഗ്ള്‍ ഫേസ് കണക്ഷനുള്ള മീറ്റര്‍ വാടക മാസം ആറുരൂപയായി കുറച്ചു. ത്രീ ഫേസിന് 15 രൂപയും ത്രീ ഫേസ് സി.ടി മീറ്ററിന് 30 രൂപയുമാണ്. മീറ്ററുകള്‍ സ്വന്തമായി ഉപഭോക്താവ് വാങ്ങിവെച്ചാല്‍ മീറ്റര്‍ വാടക നല്‍കേണ്ടതുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.