കശുവണ്ടി വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് വീണ്ടും പരിശോധന

കൊല്ലം: കശുവണ്ടി വാങ്ങിയതില്‍ ക്രമക്കേടെന്ന പരാതിയില്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് സി.ഐ വീണ്ടും പരിശോധന നടത്തി. ചില വിവരങ്ങളില്‍ വ്യക്തത വരുത്താനും മറ്റ് ഫയലുകള്‍ കൂടി ശേഖരിക്കാനും സി.ഐ എം.എം. ജോസാണ് ചൊവ്വാഴ്ച വൈകീട്ട് ആസ്ഥാനത്ത് എത്തിയത്.

ഓണത്തിന് മുമ്പ് 2000 മെട്രിക് ടണ്‍ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ശനിയാഴ്ച ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ടെന്‍ഡര്‍, ഇറക്കുമതി, സംസ്കരണം തുടങ്ങിയവ സംബന്ധിച്ച ഫയലുകളെല്ലാം അന്ന് വിജിലന്‍സ് ശേഖരിച്ചു. ചില ഫയലുകള്‍ കൂടി വേണ്ടിവന്നതിനാലാണ് വീണ്ടും പരിശോധന നടത്തിയത്.

ആഫ്രിക്കയിലെ ഗിനിയാബിസോവില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍  ടെന്‍ഡര്‍ നടപടികള്‍ പാലിക്കാത്തതടക്കമുള്ള ക്രമക്കേടുകളെക്കുറിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് പരാതി നല്‍കിയത്. മറ്റ് ക്രമക്കേടുകള്‍  സി.ബി.ഐ അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.