അഴിമതി നടത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും കോണ്‍ഗ്രസില്‍ മത്സരം -വി.എസ്

തിരുവനന്തപുരം: അഴിമതി നടത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകള്‍ കൈകോര്‍ത്ത് നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുകണ്ട് ജനം ‘ഐ എ’ (അയ്യേ) എന്ന് മൂക്കത്തുവിരല്‍വെച്ച് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് സംഭവിച്ച നാണക്കേട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കാണുന്നുണ്ടോ?.
അഴിമതിക്കാര്‍ക്ക് ഗ്രൂപ് പരിരക്ഷ ലഭിക്കില്ളെന്നാണ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡിലും കശുവണ്ടി വികസന കോര്‍പറേഷനിലും നടന്ന അഴിമതിക്ക് അവസാനനിമിഷംവരെ കുടപിടിച്ചയാളാണ് ചെന്നിത്തല. കശുവണ്ടി കോര്‍പറേഷനില്‍ നടന്ന അഴിമതി സി.ബി.ഐക്ക് വിട്ടത് ഹൈകോടതിയാണ്. ഇതേതുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഐ ഗ്രൂപ്പുകാരനും ഐ.എന്‍.ടി.യു.സി നേതാവുമായ ആര്‍. ചന്ദ്രശേഖരന് രാജിവെക്കേണ്ടിവന്നത്. അതിനുശേഷമാണ് രമേശ് ചെന്നിത്തല അഴിമതിവിരുദ്ധ വേദാന്തപ്രസംഗം തുടങ്ങിയത്.

കണ്‍സ്യൂമര്‍ഫെഡില്‍ നൂറുകോടിയിലേറെ അഴിമതി നടന്നുവെന്ന് വിളിച്ചു പറഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. ചെന്നിത്തലക്ക് അല്‍പമെങ്കിലും അന്തസുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണ് ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഇപ്പോള്‍ മത്സരം. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നത് ഇരുവരും മറക്കരുത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം ഇതിന് മറുപടി നല്‍കുമെന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.