ഹരിദ്വാറിലും സതീഷ് ഒളിവില്‍ കഴിഞ്ഞത് കള്ളപ്പേരില്‍; തുമ്പായത് എസ്.എം.എസ്

കോട്ടയം: പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സതീഷ് ബാബു ഹരിദ്വാറിലും  ഒളിവില്‍ കഴിഞ്ഞത് കള്ളപ്പേരില്‍. ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിന് കീഴിലുള്ള അതിഥി മന്ദിരത്തില്‍ മുറിയെടുക്കാന്‍ എത്തിയ സതീഷ് ബാബു, കാസര്‍കോട് ജില്ലക്കാരനായ മുരളീധരനെന്നാണ് പരിചയപ്പെടുത്തിയത്. സെപ്റ്റംബര്‍ 22ന് വൈകീട്ട് 4.20നാണ് വെള്ളയും ചുവപ്പും നിറമുള്ള ടീഷര്‍ട്ടും പാന്‍റ്സും ധരിച്ച് സതീഷ് എത്തിയതെന്ന്  ഇന്ത്യ ജേസാ റാം റോഡ് അഞ്ചാം ലെയ്നിലുള്ള അയ്യപ്പക്ഷേത്ര നടത്തിപ്പുകാരും പൂജാരികളുമായ കണ്ണൂര്‍ സ്വദേശികളായ വിഷ്ണു നമ്പൂതിരിയും ജ്യേഷ്ഠന്‍ കൃഷ്ണന്‍ നമ്പൂതിരിയും പറയുന്നു. ഇവരുടെ ട്രസ്റ്റിന് കീഴില്‍  20 മുറികളുള്ള  അതിഥി മന്ദിരമാണുള്ളത്.
ഗംഗയില്‍ കുളികഴിഞ്ഞു തിരികെയത്തെിയപ്പോഴേക്കും കരയില്‍ വെച്ചിരുന്ന ബാഗും പണവും മൊബൈലും ആരോ അപഹരിച്ചെന്നും രാവിലെ മുതല്‍ നഗരത്തിലൂടെ അലയുകയാണെന്നും പറഞ്ഞാണ് സതീഷ് ബാബു എത്തിയത്. ഹരിദ്വാറിലത്തെുന്ന മലയാളികള്‍ പതിവായി മുറിയെടുത്ത് താമസിക്കുന്നത് ഇവിടെയാണ്. അലിവുതോന്നിയ വിഷ്ണു നമ്പൂതിരി ഊട്ടുപുരയില്‍ കൊണ്ടുപോയി സതീഷിന് ചോറു കൊടുത്തു. ഇയാള്‍ മുറി ആവശ്യപ്പെട്ടെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ നല്‍കാനാവില്ളെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ സതീഷ് അയ്യപ്പമന്ദിരത്തിന് മുന്നില്‍ മനോവിഷമം നടിച്ച് ഇരിപ്പുറപ്പിച്ചു. ഇതിനിടെയാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ കെ.കെ. സത്യന്‍ അയ്യപ്പക്ഷേത്രത്തിലത്തെുന്നത്. ഹരിദ്വാറില്‍ എല്ലാ വര്‍ഷവും എത്താറുള്ള സത്യന്‍ അയ്യപ്പമന്ദിരത്തില്‍ മുറിയെടുത്താണ് താമസിക്കാറുള്ളത്. കള്ളക്കഥ കേട്ട് അനുകമ്പ തോന്നിയ സത്യന്‍   സതീഷിനെ കൂട്ടി ടൗണില്‍പോയി കൈലിയും മുണ്ടും ഷര്‍ട്ടും വാങ്ങിനല്‍കി.
അയ്യപ്പമന്ദിരത്തില്‍ മടങ്ങിയത്തെി അത്താഴം കഴിഞ്ഞപ്പോള്‍ സതീഷിന് മുറിയെടുക്കാന്‍ പണമില്ളെങ്കില്‍ തന്‍െറ മുറിയില്‍ കിടന്നോട്ടെന്ന് സത്യന്‍ അയ്യപ്പമന്ദിരത്തിന്‍െറ മാനേജര്‍ കൂടിയായ വിഷ്ണു നമ്പൂതിരിയോട് പറഞ്ഞു. എല്ലാ വര്‍ഷവും എത്തുന്ന തീര്‍ഥാടകനെന്ന നിലയില്‍ സ്ഥാപനവുമായി നല്ല അടുപ്പമുള്ള സത്യന്‍െറ താല്‍പര്യത്തില്‍ ആ മുറിയില്‍ തങ്ങാന്‍ അനുവാദം നല്‍കി. സതീഷ് ഹരിദ്വാറിലുള്ള വിവരം ബന്ധുക്കളെ അറിയിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടങ്കിലും നമ്പറുകള്‍ നഷ്ടപ്പെട്ട ഫോണിലാണെന്നും ഓര്‍ക്കാന്‍ കഴിയുന്നില്ളെന്നും സതീഷ് പറഞ്ഞു.  വൈകീട്ട് അത്താഴത്തിനു ശേഷം വിഷ്ണുനമ്പൂതിരി വീട്ടിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജ്യേഷ്ഠന്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍  ഡ്രൈവറാണെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ സതീഷ് അറിയാതെ വിഷ്ണു നമ്പൂതിരി പയ്യന്നൂരിലുള്ള തന്‍െറ  ബന്ധുക്കളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെക്കുറിച്ചു തിരക്കി  ജ്യേഷ്ഠന്‍െറ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു.  വിഷ്ണു നമ്പൂതിരി രാത്രി  തുടരെവിളിച്ചിട്ടും   സതീഷിന്‍െറ ജ്യേഷ്ഠന്‍ ഫോണെടുത്തില്ല. ഇതോടെ  ഫോണിലേക്ക് ‘താങ്കളുടെ സഹോദരന്‍ ഹരിദ്വാറിലുണ്ട്. ബാഗും പണവും നഷ്ടപ്പെട്ടിരിക്കുന്നു’. എന്ന സന്ദേശം അയക്കുകയായിരുന്നു.
സതീഷിന്‍െറ കൈയില്‍ കാര്യമായ പണമില്ളെന്ന് അറിയാവുന്ന അന്വേഷണസംഘം  ഇയാള്‍  ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണില്‍ വിളിച്ചു സാമ്പത്തിക സഹായം ചോദിച്ചേക്കാമെന്ന നിഗമനത്തില്‍  വിളിക്കാന്‍ സാധ്യതയുള്ളവരുടെ ഫോണുകള്‍ നിരീക്ഷിക്കാന്‍  സൈബര്‍ സെല്ലിനെ ചുമതലപ്പെടുത്തിയിരുന്നു. സതീഷിന്‍െറ ജ്യേഷ്ഠന്‍െറ നമ്പറും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഈ നമ്പറിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ കേരള പൊലീസ് വിവരം ഉത്തരാഖണ്ഡ് പൊലീസിന് കൈമാറി. ഇതൊന്നുമറിയാതെ ഹരിദ്വാറില്‍ താന്‍ സുരക്ഷിതനാണെന്ന ധൈര്യത്തില്‍ സതീഷ്   ഉറക്കത്തിലായിരുന്നു. ബുധനാഴ്ച രാവിലെ ഉണര്‍ന്ന സതീഷ്  സത്യനോടൊപ്പം  മസൂറി, ഡെറാഡൂണ്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.  
അതേസമയം, കേരള പൊലീസ് കൈമാറിയ വിവരങ്ങളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തില്‍ ഹരിദ്വാര്‍ സ്റ്റേഷനില്‍നിന്നുള്ള പൊലീസ് ബുധനാഴ്ച ഉച്ചമുതല്‍ ക്ഷേത്രവും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു. പൊലീസ് മഫ്തിയില്‍ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇതിനിടെ  കേരള പൊലീസ് വാട്സ് ആപ്പില്‍ അയച്ചുകൊടുത്ത സതീഷിന്‍െറ ഫോട്ടോ ട്രസ്റ്റ് ഭാരവാഹികളെ കാണിച്ച് പൊലീസ് പ്രതി തന്നെയാണ് മുരളീധരന്‍ എന്ന പേരില്‍ താമസിക്കുന്നതെന്ന്  ഉറപ്പാക്കിയിരുന്നു. രാത്രി  11ഓടെ സത്യനൊപ്പം സതീഷ് മടങ്ങിയത്തെിയ ഉടന്‍ ഇരുവരെയും വിഷ്ണു നമ്പൂതിരിയും സഹോദരന്‍ കൃഷ്ണന്‍നമ്പൂതിരിയും അത്താഴത്തിന് ക്ഷണിച്ചു. അത്താഴം കഴിക്കാന്‍ ഇരിക്കുന്നതിനിടെ സതീഷിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. നേരത്തേ ഇയാള്‍  പാലായിലും മുണ്ടക്കയത്തും സിനിമാ മേഖലയിലാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.