മിനാ ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം നാലായി

മക്ക: വ്യാഴാഴ്ചത്തെ മിനാ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. രണ്ട് പേരുടെ കൂടി മൃതദേഹം ശനിയാഴ്ച രാവിലെ തിരിച്ചറിഞ്ഞതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം നാലായത്. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍ (33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്കാണ് ഇവര്‍ മരിച്ച വിവരം ലഭിച്ചത്. അതേസമയം സുല്‍ഫിക്കറിന്‍െറ കൂടെ കാണാതായ ഉമ്മ ലൈലാബിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരി പുതുക്കോട് മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.

നാലു മലയാളികളടക്കം 16 ഇന്ത്യക്കാര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായ 11 മലയാളികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്‍െറ ഹെല്‍പ് ലൈന്‍ നമ്പര്‍: 00966 112125552.

പെരുന്നാള്‍ ദിവസം മിനായില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ 717 പേരാണ് മരിച്ചത്. 863 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഏറ്റവും കൂടുതല്‍ മരണപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.