കാഷ്യൂ കോര്‍പറേഷന്‍: കെ.എം. എബ്രഹാമിന്‍െറ പ്രവര്‍ത്തനങ്ങളും അന്വേഷണപരിധിയില്‍ കൊണ്ടുവരണം -ആര്‍. ചന്ദ്രശേഖരന്‍

കൊല്ലം: കശുവണ്ടിവികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ രാജിവെച്ചു.
കോര്‍പറേഷന്‍ ഭരണസമിതിയംഗങ്ങളായ സി.പി.എമ്മിലെ കെ. തുളസീധരന്‍, എ.ഐ.ടി.യു.സി നേതാവ് എ. ഫസിലുദ്ദീന്‍ ഹഖ് എന്നിവരും രാജിനല്‍കി. കോര്‍പറേഷനിലെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് രാജി. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്കാണ് രാജിനല്‍കിയത്.
ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ പ്രവര്‍ത്തനങ്ങളും സി.ബി.ഐ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന്  രാജിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടത്തണം. ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അന്വേഷിക്കണം. സംസ്ഥാന സര്‍ക്കാറിനെതിരെയാണ് എബ്രഹാം പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ പലതവണ കൊണ്ടു വന്നതാണ്. എബ്രഹാം സാമൂഹികക്ഷേമ സെക്രട്ടറിയായിരുന്നപ്പോള്‍ അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി ഫണ്ട് ആര്‍ക്കൊക്കെ നല്‍കിയെന്ന് പരിശോധിക്കണം. എബ്രഹാം സര്‍ക്കാറിന്‍െറ ശാപമാണ്. പൊതുപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹത്തിന് സമയമില്ല.
ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ പറയുന്നത് മന്ത്രിമാര്‍ അനുസരിക്കേണ്ടിവരുന്നത് ആപല്‍ക്കരമാണ്. ഇ. ശ്രീധരന്‍ അംഗീകരിച്ച ലൈറ്റ് മെട്രോക്ക് തടസ്സം നില്‍ക്കുന്നതും എബ്രഹാമാണ്. കശുവണ്ടിവികസനകോര്‍പറേഷന്‍ അടച്ചുപൂട്ടിയാല്‍ അതിന്‍െറ പ്രയോജനം ലഭിക്കുന്നത് സ്വകാര്യകശുവണ്ടി കമ്പനി മുതലാളിമാര്‍ക്കാണ്.
സ്വകാര്യകമ്പനികളില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി കൊടുക്കുന്നില്ല. ചിലരെ മുന്നില്‍നിര്‍ത്തി നിഴല്‍യുദ്ധം കളിക്കുന്നവര്‍ തന്‍െറ പാര്‍ട്ടിയിലും സംഘടനയിലും ഉണ്ടാകാമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. സ്വകാര്യകമ്പനികള്‍ ഏറ്റെടുത്ത 20 കശുവണ്ടി ഫാക്ടറികളുടെ കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇവ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് ആറുതവണ കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
 ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു. 2005ല്‍ കെ.എ. രതീഷ് എം.ഡിയായി വന്നശേഷം കോര്‍പറേഷന്‍ നന്നായി പ്രവര്‍ത്തിച്ചു.
 കേരളത്തിലെ തൊഴില്‍പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗംവിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നാലുവര്‍ഷമായിട്ടും യോഗംചേരാത്തത് ദു$ഖകരമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.