ഡ്യൂട്ടിക്ക് ഒന്നര ലക്ഷം ജീവനക്കാര്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒന്നര ലക്ഷം ജീവനക്കാരെ നിയോഗിക്കും. 38000ത്തോളം ബൂത്തുകളില്‍ ഒരോന്നിലും നാല് ഉദ്യോഗസ്ഥരെ വീതമാണ് നിയോഗിക്കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെയും ദേശസാത്കൃത ബാങ്ക് ജീവനക്കാരെയും ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിന് നിയോഗിക്കില്ല. ഹൈകോടതിയുടെ വിധിയുടെ കൂടി അടിസ്ഥാനത്തിലാണിത്. അതേസമയം, സഹകരണ ബാങ്കുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ക്ക് ഡ്യൂട്ടി വരും.
വരണാധികാരികളുടെ ഓഫിസിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ടായിരുന്നില്ല. എന്നാല്‍, ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ അത്യാവശ്യക്കാരെ ഒഴിച്ച് ബാക്കിയുള്ള ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കും. ആകെ 1200ഓളം വരണാധികാരികളാണുണ്ടാവുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെ ഒഴിവാക്കുമ്പോള്‍ 30000 പേരുടെ പേരുടെ കുറവാണ് വന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ സഹകരണബാങ്കുകള്‍, കേരള ഗ്രാമീണ്‍ ബാങ്ക്, അര്‍ബന്‍ ബാങ്ക്, വൈദ്യുതി ബോര്‍ഡ്, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നിവയിലെ ഓപറേറ്റിങ് വിഭാഗത്തിലൊഴികെയുള്ള ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ഡ്യൂട്ടി നല്‍കാന്‍ കമീഷന്‍ ആലോചിക്കുന്നുണ്ട്. ഡ്യൂട്ടിക്ക് ചുമതലപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിവര ശേഖരണം ആംഭിച്ചതായി കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 20ലെ ജീവനക്കാരുടെ നില അനുസരിച്ചാണ് വെബ് അധിഷ്ഠിത സംവിധാനമായ ഇ-ഗ്രേഡാപ്പിലൂടെ വിവരങ്ങള്‍ ശേഖരിക്കുക. ഓരോ ഓഫിസും സ്ഥാപനവും യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കും. ഒക്ടോബര്‍ അഞ്ചുവരെയാണ് ഇതിന് സമയം. ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് ഈ മാസം 16,17 തീയതികളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടികള്‍ ഇനിയും ഏറെ പൂര്‍ത്തിയാക്കാനുണ്ട്. ബ്ളോക്, ജില്ലാ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ബ്ളോക് പഞ്ചായത്തിലേക്ക് മാത്രം 170ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനാവശ്യമായ പോളിങ് സാമഗ്രികളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള കൈപ്പുസ്തകങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആരംഭിച്ചു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കുമുള്ള മെറ്റല്‍ സീലുകള്‍, റബര്‍ സീലുകള്‍, പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ സീലുകള്‍ എന്നിവയുടെ വിതരണമാണ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിനാവശ്യമായ നോണ്‍ സ്റ്റാറ്റ്യൂട്ടറി ഫോറങ്ങളുടെ അച്ചടിക്ക് പ്രിന്‍റിങ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കമീഷന്‍ അച്ചടി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.