സ്പെഷ്യല്‍ സ്കൂള്‍: എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണമെന്ന് വി.എസ്

തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ എങ്കിലും സ്ഥലം വേണമെന്നത് 20 സെന്‍റായി ചുരുക്കി. നിയമനങ്ങള്‍ പി.എസ്.സി മുഖേന എന്നതിനു പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്ന് മാറ്റിയും അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കാതെയുമാണ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. വലിയ തോതില്‍ അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടി മാത്രമാണിത്. ബഡ്സ് സ്കൂളുകളുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുമെന്ന് നേരത്തേയും ചൂണ്ടികാണിച്ചിരുന്നതാണെന്നും കത്തില്‍ പറയുന്നു.

100 കുട്ടികളുള്ള ഇത്തരമൊരു സ്കൂളില്‍ ചുരുങ്ങിയത് 20 പേരെയെങ്കിലും നിയമിക്കാനാവും. ഇങ്ങനെയുള്ള നിയമനത്തിന് രണ്ട് കോടി രൂപയെങ്കിലും മാനേജ്മെന്‍റിന് കൈക്കലാക്കാനും കഴിയും. അതേസമയം, ശമ്പളം കൊടുക്കുന്നത് സര്‍ക്കാരുമാണ്. സര്‍ക്കാര്‍ സ്കൂളിലെ ഇന്‍ക്ളൂസീവ് എജ്യുക്കേഷന്‍ ഫോര്‍ ഡിഫറന്‍ലി ഏബ്ള്‍ഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം ഉയര്‍ത്തുന്നതിനോ അവരെ സ്ഥിരപ്പെടുത്തുന്നതിനോ തയാറാവാത്ത സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി അഴിമതിക്ക് കളമൊരുക്കുന്നതെന്നും വി.എസ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.