എല്ലാ മാനേജ്മെന്‍റുകളോടും സര്‍ക്കാര്‍ ഒരേ നിലപാട് സ്വീകരിക്കണം -മുസ് ലിം ലീഗ്

കോഴിക്കോട്: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശത്തില്‍ എല്ലാ മാനേജ്മെന്‍റുകളോടും സര്‍ക്കാര്‍ ഒരേ നിലപാട് സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. 50:50 എന്ന അടിസ്ഥാനതത്വത്തില്‍ നിന്നും വ്യതിചലിക്കരുത്. ഒരു മാനേജ്മെന്‍റിനോട് ഒരു നീതി, മറ്റൊരാളോട് മറ്റൊരു നീതി എന്ന രീതിയില്‍ തരംതിരിവ് കാണിക്കാന്‍ പാടില്ല. ഏകീകൃത ഫീസ് ഘടനയും പ്രവേശ രീതിയും വേണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശവുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യാന്‍ ന്യൂനപക്ഷ കമീഷന്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം യോഗത്തില്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.എം വീരാന്‍കുട്ടി മുസ്ലിം മാനേജ്മെന്‍റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം നടത്തി. സമ്പന്നര്‍ക്കുവേണ്ടി മാത്രമായി നിലകൊള്ളുന്നവരായി മാനേജ്മെന്‍റുകള്‍ മാറി. കച്ചവടത്തിനായി വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ നടത്തരുത്. ന്യൂനപക്ഷങ്ങളുടെ അവകാശം സമ്പന്നര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതി അംഗീകരിക്കാനാവില്ല. സമുദായത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കും ഡോക്ടര്‍മാരാവണം. 3000 റാങ്കിന് അപ്പുറമുള്ളവര്‍ക്ക് സീറ്റുണ്ട്. എന്നാല്‍ 1000 ല്‍ താഴെ റാങ്കുള്ളവര്‍ക്ക് സീറ്റ് ലഭിക്കാത്തത്  അംഗീകരിക്കാനാവില്ലന്നെും വീരാന്‍കുട്ടി പറഞ്ഞു.

അതേസമയം മുസ്ലിം മാനേജ്മെന്‍റുകള്‍ക്കെതിരെ മാത്രമുള്ള കമീഷന്‍െറ വിമര്‍ശം അംഗീകരിക്കാനാവില്ളെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കത്തിന് കമീഷന്‍ ഒത്താശ ചെയ്യുകയാണെന്നും മുസ്ലിം സംഘടനകള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.