വെള്ളാപ്പള്ളി നിലപാടില്‍ ഉറച്ചു നില്‍ക്കുമോയെന്ന് സംശയം -കോടിയേരി

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കില്ളെന്നും സംഘ്പരിവാറുമായി കൂട്ടുചേരില്ളെന്നുമുള്ള നിലപാടില്‍ വെള്ളാപ്പള്ളി നടേശന്‍ ഉറച്ചു നില്‍ക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  നിലപാടില്‍ ഉറച്ചു നിന്നാല്‍ വെള്ളാപ്പള്ളിക്ക് നല്ലത്. വെള്ളാപള്ളിയുടെ ഇന്നലത്തെ പ്രസ്താവന സി.പി.എം സംസ്ഥാന സമിതി സ്വാഗതം ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

ആര്‍.എസ്.എസുമായി കൂട്ടുകെട്ടിന് വെള്ളാപ്പള്ളി ശ്രമം നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് തൊഗാഡിയയുമായും അശോക് സിംഗാളുമായൊക്കെ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ബി.ജെ.പി നേതാവിനൊപ്പം പോയി അമിത് ഷാക്കൊപ്പം കൂടിയാലോചന നടത്തി. രാഷ്ര്ടീയ പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പിയുമായി മുന്നണി ഉണ്ടാക്കുന്നതിന്‍െറ ഭാഗമായിട്ടായിരുന്നു ഈ നടപടികളെല്ലാമെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസാണ് സമുദായ സംഘടനകളെക്കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന രീതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ആലപ്പുഴയില്‍ സി.പി.എമ്മിനെയും ഇടുക്കിയില്‍ കോണ്‍ഗ്രസിനെയും പിന്തുണച്ചു. എന്നാല്‍ ആ സ്ഥാനാര്‍ഥികള്‍ തോറ്റു പോവുകയാണുണ്ടായത്. നേതാക്കള്‍ പറയുന്നത് പോലെ വോട്ട് ചെയ്യാന്‍ എസ്.എന്‍.ഡി.പി അനുയായികളെ കിട്ടില്ളെന്ന് പഠിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എസ്.എന്‍.ഡി.പി നേതൃത്വവുമായി കൂടുതല്‍ തര്‍ക്കം വേണ്ടെന്ന് ശനിയാഴ്ച അവസാനിച്ച സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.രാഷ്ര്ടീയ പാര്‍ട്ടി രൂപവത്കരിക്കില്ളെന്ന എസ്.എന്‍.എന്‍.ഡി.പി നേതൃത്വത്തിന്‍െറ പുതിയ നിലപാടാണ് സി.പി.എം മനോഭാവത്തില്‍ മാറ്റംവരുത്തിയത്. എസ്.എന്‍.ഡി.പിയുടെ നിലപാട് മാറ്റത്തിന് ഇടയാക്കിയത് സി.പി.എമ്മിന്‍െറ ഇടപെടലാണെന്നും ഇതു ഗുണപരമായ മാറ്റമാണെന്നും യോഗം വിലയിരുത്തിയിരുന്നു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.